കോൺ​ഗ്രസിൽ തുടരില്ല; ബിജെപിയിലേക്ക് പോവുകയുമില്ല: അമരീന്ദർ സിം​ഗ്

 

കോൺ​ഗ്രസിൽ താൻ ഇനി തുടരില്ലെന്ന് പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിം​ഗ്. അപമാനം സഹിച്ച് കോൺഗ്രസിൽ തുടരില്ലെന്നും എന്നാൽ ബി.ജെ.പിയിലേക്ക് പോകില്ലെന്നും അമരീന്ദർ സിം​ഗ് വ്യക്തമാക്കി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് കോൺ​ഗ്രസ് വിടുകയാണെന്ന് അമരീന്ദർ പ്രതികരിച്ചത്.

ഞാനിപ്പോൾ കോൺഗ്രസിലാണ്. പക്ഷേ ഞാൻ ഇനി കോൺഗ്രസിൽ തുടരില്ല. എന്നോട് ഇങ്ങനെ പെരുമാറാൻ പാടില്ലായിരുന്നെന്ന് അമരീന്ദർ സിം​ഗ് മാധ്യമങ്ങളോട് പറഞ്ഞു. 52 വർഷത്തിലേറെയായി ഈ പാർട്ടിക്കൊപ്പമുണ്ട്. എന്നാൽ ഇത്തരത്തിലുള്ള ഇടപെടലല്ല പ്രതീക്ഷിക്കുന്നത്. രാവിലെ 10.30 ന് എന്നോടു ഫോൺ ചെയ്ത കോൺഗ്രസ് പ്രസിഡന്റ് രാജി വയ്ക്കാൻ പറഞ്ഞു. എന്നെ വിശ്വസിക്കാത്ത നിലപാടാണ് പാർട്ടിയുടേതെന്നും എന്റെ വിശ്വാസ്യതയാണ് ചോദ്യം ചെയ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി അമരീന്ദർ സിംഗ് കൂടുക്കാഴ്ച നടത്തിയിരുന്നു. കർഷകസമരം ഒത്തുതീർപ്പാക്കാൻ അദ്ദേഹവുമായി ചർച്ച നടത്തിയെന്നായിരുന്നു വിശദീകരണം. എന്നാൽ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച ശേഷം എഐസിസി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച അമരീന്ദർസിംഗിനെ അനുനയിപ്പിക്കാനുള്ള ഒരു വശത്ത് ഹൈക്കമാൻഡ് ഇപ്പോഴും തുടരുകയാണ്. മുതിർന്ന നേതാക്കളായ അംബികാ സോണിയും കമൽനാഥും അമരീന്ദറിനെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.

സംസ്ഥാന തിരഞ്ഞെടുപ്പിന് നാല് മാസങ്ങൾ മാത്രം അവശേഷിക്കേ എന്തായിരുന്നു അമീരന്ദറിൻ്റെ അടുത്ത നീക്കമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. കർഷകബില്ലിൽ ചില വിട്ടുവീഴ്ചകൾ ചെയ്ത് സമരം തീർപ്പാക്കാൻ അമരീന്ദറിലൂടെ കേന്ദ്രസർക്കാർ ശ്രമിച്ചേക്കുമെന്ന സൂചനകൾ ശക്തമാണ്.