സംസ്ഥാനത്ത് കൊവിഡ് ബ്രിഗേഡിലെ അത്യാവശ്യ താൽക്കാലിക ജീവനക്കാരെ ജോലിയിൽ നിലനിർത്തും. ആവശ്യമുള്ളതിനേക്കാൾ കൂടുതൽ ജീവനക്കാർ നിലവിലുള്ളതിനാൽ ജില്ലകളിൽ നിന്നു ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് റിപ്പോർട്ട് തേടി.
കൊവിഡ് പ്രതിരോധത്തിനായി നാഷണൽ ഹെൽത്ത് മിഷൻ വഴിയായിരുന്നു ബ്രിഗേഡർമാരെ നിയമിച്ചത്. ഡോക്ടർ, നഴ്സ്, ടെക്നീഷ്യൻസ് അടക്കം ആദ്യഘട്ടത്തിൽ 19,210 പേരെ നിയമിച്ചു. പിന്നീട് 22,000 ജീവനക്കാരായി ഉയർത്തുകയും ചെയ്തു.
എന്നാൽ, നിലവിൽ കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യമാണ് ഇപ്പോഴുള്ളത്. അതിനാൽ ആവശ്യമുള്ളതിനേക്കാൾ കൂടുതൽ ജീവനക്കാർ ഇപ്പോഴുണ്ട്. ജില്ലകളിൽ നിന്ന് നിലവിൽ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.
കൊവിഡ് മരണ ധനസഹായവുമായി ബന്ധപ്പെട്ട് പുറത്തിറക്കുന്ന പട്ടികയിൽ മാനദണ്ഡങ്ങൾ പാലിക്കുമെന്നും മന്ത്രി പറഞ്ഞു. വിദേശത്തും സംസ്ഥാനത്തിന് പുറത്തും മരിച്ചവരെയും പട്ടികയിൽ ഉൾപ്പെടുത്തുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധന പരിധിയിലുണ്ടാകും.