കൊവിഡ് ഡിസ്ചാർജ് പ്രോട്ടോക്കോളിൽ മാറ്റം വരുത്തി: രോഗമുക്തി നിരക്ക് ഉയരാൻ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളെ ഡിസ്ചാർജ് ചെയ്യുന്നതിനുള്ള പ്രോട്ടോക്കോളിൽ മാറ്റം വരുത്തി ആരോഗ്യവകുപ്പ്. ഇതോടെ സംസ്ഥാന കൊവിഡ് രോഗമുക്തി നിരക്ക് കാര്യമായി വർധിച്ചേക്കും. 

കാറ്റഗറി ബിയിൽ ഉൾപ്പെട്ട കൊവിഡ് രോഗികൾക്ക് ഇനി രോഗലക്ഷണങ്ങളൊന്നുമില്ലെങ്കിൽ പത്താം ദിവസം തന്നെ ആൻ്റിജൻ പരിശോധന നടത്തും. രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ അതു മാറിയാൽ പിറ്റേദിവസം പരിശോധന നടത്തും ഫലം നെഗറ്റീവായാൽ അന്നു തന്നെ രോഗിയെ ഡിസ്ചാർജ് ചെയ്യും.  

കാറ്റഗറി സിയിൽ ഉൾപ്പെട്ട കൊവിഡ് രോഗികൾക്ക് പതിനാലാം ദിവസമായിരിക്കും ആന്റിജൻ പരിശോധന. മറ്റു ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെങ്കിൽ കൊവിഡ് പരിശോധന ഫലം നെഗറ്റീവായുടൻ ഇവരേയും ഡിസ്‌ചാർജ് ചെയ്യും. കൊവിഡ് രോഗമുക്തി കണക്കിൽ ദേശീയ ശരാശരിയേക്കാളും ഏറെ താഴെയാണ് കേരളം.