വാക്‌സിനായി മാസങ്ങളോളം കാത്തിരിക്കുന്നു; ഇനി നിങ്ങളും കുറച്ച് കാത്തിരിക്കൂ: പ്രധാനമന്ത്രിയോട് തൃണമൂല്‍ നേതാവ് മഹുവ

 

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ വീശിയടിച്ച യാസ് ചുഴലിക്കാറ്റ് സൃഷ്ടിച്ച നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച യോഗത്തില്‍ മമതാ ബാനര്‍ജി വിട്ടുനിന്നതാണ് ഇപ്പോഴത്തെ വിവാദം. മാത്രമല്ല സംഭവവുമായി ബന്ധപ്പെട്ട് മമത പ്രധാനമന്ത്രിയെ അരമണിക്കൂറോളം കാത്തുനിര്‍ത്തിയെന്ന് കേന്ദ്രം ആരോപിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ മമതാ ബാനര്‍ജിയെ ന്യായീകരിച്ച് പ്രതികരണവുമായി തൃണമൂല്‍ നേതാവ് മഹുവ മൊയ്ത്രയും രംഗത്തെത്തി.

’30 മിനിറ്റ് കാത്തിരിക്കേണ്ടി വന്നതിന്റെ പേരില്‍ എന്തൊക്കെ ബഹളങ്ങളാണ്? 15 ലക്ഷത്തിന് വേണ്ടി ഞങ്ങള്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി കാത്തിരിക്കുന്നു. എടിഎമ്മുകള്‍ക്ക് മുന്നില്‍ മണിക്കൂറുകള്‍ കാത്തുനില്‍പ്പിച്ചു. വാക്സീനായി മാസങ്ങളോളം കാത്തിരിക്കുന്നു. ഇനി നിങ്ങളും കുറച്ച് കാത്തിരിക്കൂ.’- മഹുവ ട്വീറ്റ് ചെയ്തു.

ദുരിതബാധിത പ്രദേശങ്ങളില്‍ വ്യോമനിരീക്ഷണം നടത്തിയ ശേഷം പ്രധാനമന്ത്രിയുടെ വിമാനം ലാന്‍ഡുചെയ്ത എയര്‍ബേസില്‍ 15 മിനിറ്റ് ആശയവിനിമയം നടത്തുക മാത്രമാണ് മമത ചെയ്തത്. അവലോകന യോഗത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി എത്തിയപ്പോള്‍ ബംഗാള്‍ സര്‍ക്കാരില്‍നിന്ന് ആരും ഉണ്ടായിരുന്നില്ല.