നിയമസഭാ കയ്യാങ്കളി കേസുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നത് സുപ്രീം കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വി ശിവൻകുട്ടി അടക്കമുള്ള പ്രതികൾ നൽകിയ അപ്പീൽ കൂടി പരിഗണിക്കാനാണ് തിങ്കളാഴ്ചത്തേക്ക് മാറ്റിയത്.
വി ശിവൻകുട്ടി, കെ ടി ജലീൽ, ഇ പി ജയരാജൻ, കുഞ്ഞഹമ്മദ് മാസ്റ്റർ, സി കെ സദാശിവൻ, കെ അജിത് എന്നിവരാണ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. അപ്പീലിന് ഇന്ന് രാവിലെ 11 മണിക്കാണ് സുപ്രീം കോടതി രജിസ്ട്രി നമ്പർ നൽകിയതെന്ന് അഭിഭാഷകർ അറിയിച്ചതോടെയാണ് എല്ലാ ഹർജികളും കൂടി ഒന്നിച്ച് വാദം കേൾക്കാൻ തിങ്കളാഴ്ചത്തേക്ക് മാറ്റിയത്.
കേസിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തടസ്സ ഹർജിയും നൽകിയിട്ടുണ്ട്. ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഢ്, ആർ സുഭാഷ് റെഡ്ഡി, എസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്.