ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിൽ സഹോദരങ്ങളായ ആൺകുട്ടികളെ യുവാവ് ക്രൂരമായി മർദിച്ചു കൊന്നു. കോടേശ്വര റാവു-ഉമാദേവി ദമ്പതിമാരുടെ മക്കളായ പാർഥിവ് സഹസ്വതി(7), രോഹൻ അശ്വിൻ(10) എന്നിവരാണ് കൊല്ലപ്പെട്ടത്. ഉമാദേവിയുടെ സഹോദരി ഭർത്താവായ ശ്രീനിവാസാണ് കുട്ടികളെ അടിച്ചു കൊന്നത്.
തടിക്കഷ്ണം ഉപയോഗിച്ചാണ് ശ്രീനിവാസ് കുട്ടികളെ രണ്ട് പേരെയും തലയ്ക്കടിച്ചത്. മർദനമേറ്റ കുട്ടികൾ ചോരയൊലിപ്പിച്ച് തളർന്നുവീണതോടെയാണ് ഇയാൾ അക്രമം അവസാനിപ്പിച്ചത്. ഇയാൾ തന്നെയാണ് കുട്ടികളെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ഏഴ് വയസ്സുകാരൻ പാർഥിവ് വീട്ടിൽ നിന്നു തന്നെ മരിച്ചിരുന്നു. രോഹൻ ആശുപത്രിയിലെത്തിയതിന് പിന്നാലെയും മരിച്ചു
തന്നെ ഭാര്യവീട്ടുകാർ പരിഗണിക്കാത്തതിലുള്ള ദേഷ്യമാണ് കുട്ടികളോട് തീർത്തതെന്ന് ഇയാൾ പറയുന്നു. കുട്ടികളുടെ മാതാപിതാക്കൾ ബംഗളൂരുവിൽ കൂലിപ്പണിക്കാരാണ്. ഉമാദേവിയുടെ അമ്മയുടെ വീട്ടിൽ കുട്ടികളെയാക്കിയാണ് ഇവർ ജോലിക്ക് പോയത്.