ഇതര സംസ്ഥാനക്കാരായ ദമ്പതികൾ പൂട്ടിയിട്ട കുട്ടികളെ നാട്ടുകാരും പോലീസും രക്ഷപ്പെടുത്തി; കുട്ടികൾ ദിവസങ്ങളായി പട്ടിണിയിൽ

മലപ്പുറത്ത് ഇതരസംസ്ഥാനക്കാരായ ദമ്പതികൾ വീട്ടിനകത്ത് പൂട്ടിയിട്ട രണ്ട് കുട്ടികളെ നാട്ടുകാരും പോലീസും ചേർന്ന് രക്ഷപ്പെടുത്തി. ആറും നാലും വയസ്സുള്ള കുട്ടികളെയാണ് ദമ്പതികൾ പൂട്ടിയിട്ടത്. പട്ടിണി കിടന്ന് അവശനിലയിലായ കുട്ടികളെ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഭക്ഷണമോ വെള്ളമോ നൽകാതെയാണ് കുട്ടികളെ പൂട്ടിയിട്ട് ഇവർ പോയിരുന്നത്. ആശുപത്രിയിൽ നടന്ന പരിശോധനയിൽ കുട്ടികളുടെ ദേഹത്ത് അടിയേറ്റ പാടുകളും കണ്ടെത്തി. കുട്ടികളുടെ മാതാപിതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

നാട്ടുകാർ പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ഇവരെത്തിയാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്. ദിവസങ്ങളായി ഭക്ഷണം ലഭിക്കാതെ പട്ടിണി കിടന്ന കുട്ടികൾ നേരെ നിൽക്കാനോ നടക്കാനോ സാധിക്കാത്ത അവസ്ഥയിലായിരുന്നു. ഇളയ കുട്ടിക്ക് കണ്ണ് തുറക്കാൻ പോലും സാധിച്ചിരുന്നില്ല. എന്നാൽ പുറത്തിറങ്ങി പോകാതിരിക്കാനാണ് കുട്ടികളെ പൂട്ടിയിട്ടതെന്ന് മാതാപിതാക്കൾ പറയുന്നു.