സമരവേദി ഒഴിപ്പിക്കാനുള്ള നടപടിക്കെതിരെ കർഷകനേതാവ് രാകേഷ് ടിക്കായത്ത് സുപ്രീം കോടതിയിലേക്ക്

കാർഷിക നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർ തമ്പടിച്ചിരിക്കുന്ന സ്ഥലം ഒഴിപ്പിക്കാനുള്ള ഉത്തരവിനെതിരെ കർഷക സംഘടനാ നേതാവ് രാകേഷ് ടിക്കായത്ത് സുപ്രീം കോടതിയെ സമീപിക്കും. അടിയന്തരമായി ഹർജി പരിഗണിക്കണമെന്ന് ആവശ്യപ്പെടും

കർഷകർ സമരവേദി ഒഴിയണമെന്നാവശ്യപ്പെട്ട് ജില്ലാ ഭരണകൂടം നോട്ടീസ് നൽകിയിരുന്നു. ഇന്നലെ വൈകുന്നേരത്തോടെ ജില്ലാ മജിസ്‌ട്രേറ്റും ഉന്നത പോലീസുദ്യോഗസ്ഥരും സമര പന്തലിലെത്തി രാകേഷ് ടിക്കായത്തുമായി സംസാരിക്കുകയും ചെയ്തു. രാത്രി പതിനൊന്ന് മണിക്ക് മുമ്പ് സമരവേദി ഒഴിയാനായിരുന്നു നിർദേശം.

ഇതിന് പിന്നാലെ വിവിധ മേഖലകളിൽ നിന്നുള്ള കർഷകർ സമരവേദിയിലേക്ക് എത്തുകയും സംഘർഷാവസ്ഥ ഉടലെടുക്കുകയും ചെയ്തു. തുടർന്നാണ് പോലീസും ജില്ലാ മജിസ്‌ട്രേറ്റും ഒഴിപ്പിക്കൽ നടപടി തത്കാലം വേണ്ടെന്ന് വെച്ച് മടങ്ങിയത്.