ഡൽഹി ഗാസിപൂരിൽ നിന്ന് കർഷകരെ ഒഴിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്ന് ജില്ലാ ഭരണകൂടം തത്കാലം പിൻവാങ്ങി. രാത്രി തന്നെ ഒഴിയണമെന്ന അന്ത്യശാസനം തള്ളിയ കർഷകർ സംഘടിച്ചെത്തിയതോടെയാണ് ജില്ലാ ഭരണകൂടം ഒഴിപ്പിക്കൽ നടപടിയിൽ നിന്ന് പിൻവാങ്ങിയത്
സമരസ്ഥലത്ത് നിന്ന് കേന്ദ്രസേനയും പോലീസും മടങ്ങിയതോടെയാണ് രാത്രി വൈകിയുള്ള സംഘർഷത്തിന് അവസാനമായത്. പോലീസ് നടപടി രാത്രിയുണ്ടാകില്ലെന്ന് നേരത്തെ ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചിരുന്നു. എന്നിട്ടും പോലീസ് സ്ഥലത്ത് തുടർന്നാണ് സംഘർഷാവസ്ഥ സൃഷ്ടിച്ചത്.
ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തിൽ രാത്രി പോലീസ് നടപടി വന്നാൽ സർക്കാരിന് തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് പോലീസ് സംഘർഷ സ്ഥലത്ത് നിന്ന് പിൻമാറിയത്.
അനുയായികളോട് ശാന്തമായിരിക്കാനും സമാധാനപരമായി സമരം തുടരാനും കർഷക നേതാവ് രാകേഷ് ടിക്കായത്ത് ആവശ്യപ്പെട്ടിട്ടുണ്ട്. കയ്യിൽ ദേശീയപതാകയുമായാണ് കർഷകർ സ്ഥലത്ത് തമ്പടിച്ചിരിക്കുന്നത്.