കൊവിഡ് മൂലം അനാഥരായ കുട്ടികളെ സംരക്ഷിക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

കൊവിഡിനെ തുടർന്ന് അനാഥരായ കുട്ടികളെ സംരക്ഷിക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി. ഇതുസംബന്ധിച്ച് കേന്ദ്രസർക്കാർ നൽകിയ നിർദേശം പാലിക്കണം. ജില്ലാ ഭരണകൂടം കുട്ടികളുടെ വിവരം നൽകണമെന്നും സുപ്രീം കോടതി പറഞ്ഞു

മെയ് 25 വരെയുള്ള കണക്കുകൾ പരിശോധിച്ചപ്പോൾ കൊവിഡിനെ തുടർന്ന് 577 കുട്ടികൾക്കാണ് മാതാപിതാക്കളെ നഷ്ടപ്പെട്ടത്. കൊവിഡ് ബാധിച്ച് മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികളുടെ കാര്യത്തിൽ സർക്കാർ ഇടപെടുമെന്നും അവർക്കാവശ്യമായ പിന്തുണ നൽകുമെന്നും വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി പറഞ്ഞിരുന്നു.

കേരളത്തിൽ കൊവിഡിനെ തുടർന്ന് അനാഥരായ ഒമ്പത് കുട്ടികളാണുള്ളത്. ഇവരെ സർക്കാർ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജനൻ അറിയിച്ചിരുന്നു. ഇവർക്ക് ഒറ്റത്തവണയായി മൂന്ന് ലക്ഷം രൂപയും പതിനെട്ട് വയസ്സുവരെ മാസം രണ്ടായിരം രൂപയും ബിരുദതലം വരെയുള്ള വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കുമെന്നുമായിരുന്നു മുഖ്യമന്ത്രി അറിയിച്ചത്.