സംസ്ഥാനത്ത് ജൂൺ 9 അർധരാത്രി മുതൽ ട്രോളിംഗ് നിരോധനം നിലവിൽ വരും

 

കേരളത്തിൽ ട്രോളിംഗ് നിരോധനം ജൂൺ ഒൻപത് അർധരാത്രി മുതൽ നിലവിൽ വരും. ജൂലൈ 31 അർധരാത്രി 12 മണി വരെ 52 ദിവസമായിരിക്കും ട്രോളിംഗ് നിരോധനമെന്ന് ഫിഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. ട്രോളിംഗ് നിരോധന കാലയളവിൽ സൗജന്യ റേഷൻ, നിലവിലെ ഭക്ഷ്യകിറ്റ് വിതരണം എന്നിവ ഊർജ്ജിതമാക്കുമെന്ന് ഫിഷറീസ് മന്ത്രി യോഗത്തിൽ ഉറപ്പ് നൽകി.

സമ്പാദ്യ സമാശ്വാസ പദ്ധതി പ്രകാരമുള്ള തുകവിതരണം വേഗത്തിലാക്കും. ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ പ്രോട്ടോക്കോൾ പാലിച്ച് തന്നെ മത്സ്യത്തൊഴിലാളികളുടെ മത്സ്യബന്ധനം, വിപണനം എന്നിവ തടസ്സപ്പെടാതിരിയ്ക്കാൻ പോലീസ് ശ്രദ്ധിയ്ക്കണമെന്ന് മന്ത്രി നിർദേശം നൽകി. അന്യസംസ്ഥാന ബോട്ടുകൾ ട്രോളിംഗ് നിരോധനം തുടങ്ങുന്നതിനുമുമ്പ് കേരളതീരം വിട്ടുപോകുന്നതിന് ബന്ധപ്പെട്ട തീരദേശ ജില്ലാ കലക്ടർമാർ നിർദ്ദേശം നൽകണം.കൊല്ലം ജില്ലയിൽ ട്രോളിംഗ് നിരോധന കാലഘട്ടത്തിൽ നീണ്ടകര ഹാർബർ ഇൻബോർഡ് വള്ളങ്ങൾ ഒഴികെയുള്ള പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്ക് തുറന്നുകൊടുത്തിരുന്നു. ഈ വർഷവും അത് തുടരാൻ നടപടി സ്വീകരിക്കണമെന്ന് മന്ത്രി നിർദേശിച്ചു.

ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് ഹാർബറുകളിലും ലാന്റിംഗ് സെന്ററുകളിലും പ്രവർത്തിക്കുന്ന ഡീസൽ ബങ്കുകൾ അടച്ചുപൂട്ടാൻ നിർദ്ദേശം നൽകണം. എന്നാൽ ഇൻബോർഡ് വള്ളങ്ങൾക്ക് ഡീസൽ ലഭ്യമാക്കാൻ അതത് ജില്ലകളിലെ മത്സ്യഫെഡിന്റെ തെരഞ്ഞെടുത്ത ഡീസൽ ബങ്കുകൾ നിബന്ധനകൾക്ക് വിധേയമായി പ്രവർത്തിക്കാൻ അനുവദിക്കണം.