ഹൈഡ്രജൻ ബലൂൺ ഉപയോഗിച്ച്‌ വളർത്തു നായയെ പറപ്പിച്ചു,യു ട്യൂബർ അറസ്റ്റിൽ

ന്യൂഡൽഹി: ഹൈഡ്രജൻ ബലൂൺ ഉപയോഗിച്ച്‌ വളർത്തു നായയെ പറപ്പിക്കുകയും അത് ദൃശ്യങ്ങളിൽ പകർത്തുകയും ചെയ്ത യു ട്യൂബർ അറസ്റ്റിൽ. ഡൽഹിയിലെ യു ട്യൂബറായ ഗൗരവ് ജോൺ ആണ് അറസ്റ്റിലായത്. മൃഗങ്ങളോടുള്ള ക്രൂരതയുടെ പേരിലാണ് നടപടി .

ഗൗരവിൻറെ യു ട്യൂബ് ചാനലിന് വേണ്ടിയാണ് വിഡിയോ ചിത്രീകരിച്ചത്. നിരവധി ബലൂണുകൾ ചേർത്ത് നായയുടെ ദേഹത്ത് കെട്ടിയിട്ട ശേഷം പറത്തുകയായിരുന്നു. ഡൽഹിയിലെ ഒരു പാർക്കിൽ വച്ചായിരുന്നു ചിത്രീകരണം. നായ വായുവിൽ ഉയർന്നുപൊങ്ങി നിൽക്കുന്നതും ഗൗരവും അമ്മയും ഉറക്കെ ചിരിക്കുന്നതും വീഡിയോയിൽ കാണാം.

ഗൗരവ് യു ട്യൂബിൽ വിഡിയോ അപ്‍ലോഡ് ചെയ്തതോടെ സംഭവം വിവാദമായി. ഗൗരവിനെതിരെ “പീപ്പിൾ ഫോർ അനിമൽ”പ്രവർത്തകർ മാളവ്യ നഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന് പിന്നാലെയാണ് അറസ്റ്റ്. ഇതിന് പുറമെ മൃഗസംരക്ഷണ പ്രവർത്തകർ പരാതിപ്പെട്ടതോടെ യൂട്യൂബിൽ നിന്ന് ഗൗരവ് ജോൺ വിഡിയോ പിൻവലിച്ചിട്ടുണ്ട്.