തിരുവനന്തപുരം : തിരുവനന്തപുരത്തെ 14 മണ്ഡലങ്ങളിലും ബി.ജെ.പി വിജയം അനായാസമെന്ന് ബി.ജെ.പി. നേതാവ് കുമ്മനം രാജശേഖരൻ . 30,000ൽ പരം വോട്ടുകൾ ഈ 14 മണ്ഡലങ്ങളിലും കിട്ടിയിട്ടുണ്ട്. ഇവിടെയെല്ലാം ജയിക്കാനാവും- കുമ്മനം രാജശേഖരൻ പറഞ്ഞു. തിരുവനന്തപുരത്ത് ഒരു പ്രമുഖമാധ്യമത്തിനനുവദിച്ച അഭിമുഖത്തിലാണ് കുമ്മനം രാജശേഖരൻ ഇങ്ങിനെ പ്രതികരിച്ചത്.
നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കണോയെന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണ്. തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപവല്ക്കരിക്കണം. ഈ കമ്മിറ്റിയാണ് 140 മണ്ഡലങ്ങളിലും സ്ഥാനാർഥിയെ നിശ്ചയിക്കുക. പാർട്ടി നിശ്ചയിക്കട്ടെ. അപ്പോൾ പറയാം. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ നടത്തിയവികസനപ്രവർത്തനങ്ങളും ജനക്ഷേമ നടപടികളും മാത്രം മതി ജനങ്ങൾക്ക് ബി.ജെ.പി.ക്ക് വോട്ടുചെയ്യാൻ. ചിട്ടയായ പ്രവർത്തനം നടത്തി ഇത് ജനങ്ങളിലെത്തിച്ചാൽ ബി.ജെപി.യെ അവർ കൈവിടില്ലെന്നാണ് മറ്റു സംസ്ഥാനങ്ങളിലെ അനുഭവങ്ങൾ തെളിയിച്ചുകൊണ്ടിരിക്കുന്നത്. ഇതേ ജനവികാരം കേരളത്തിലാകെ ഉരുത്തിരിയുകയാണ്. എൽ. ഡി.എഫിനും യു.ഡി.എഫിനുമെതിരായ ആ ജനവികാരം കേരളത്തിൽ, പ്രത്യേകിച്ച് തിരുവനന്തപുരത്തുണ്ട്. തീർച്ചയായും 14 മണ്ഡലങ്ങളിലും ബി.ജെ.പിക്ക് ജയിക്കാനാവും.
ശബരിമല പ്രക്ഷോഭത്തിൽ ശരികളുള്ളതുകൊണ്ടാണ് കേസുകൾ പിൻവലിക്കാൻ പിണറായി നിർബന്ധിതനായത്. എന്നാൽ, അതിനെ മറയാക്കി രാജ്യത്തിനെതിരായി നടത്തിയ സി.എ.എ വിരുദ്ധക്കേസുകൾ പിൻവലിക്കുന്നത് പിണറായിയുടെ നയവൈകല്യമാണ് സൂചിപ്പിക്കുന്നത്. ആ ക്രൂരമായ പ്രഖ്യാപനം അംഗീകരിക്കാനാവില്ല- കുമ്മനം പറഞ്ഞു.