ബെയ്ജിങ് : ചൈനയിലെ ബെയ്ജിങില്‍ വെറും പത്തുമിനിറ്റിനുള്ളില്‍ ഒന്നര ലിറ്ററിന്റെ കൊക്കോകോള ബോട്ടില്‍ കുടിച്ചു തീര്‍ത്ത ഇരുപത്തിരണ്ടുകാരന് ദാരുണാന്ത്യം. കൊക്ക കോള കുടിച്ചതിനെ തുടര്‍ന്ന് വയറ്റില്‍ ഗ്യാസ് നിറഞ്ഞുണ്ടായ ബുദ്ധിമുട്ടുകൊണ്ടാണ് യുവാവ് മരണപ്പെട്ടതെന്ന് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇത്രയധികം കൊക്കോകോള കുടിച്ചതുകൊണ്ട് ശരീരത്തില്‍ ഗ്യാസ് നിറഞ്ഞതിനാല്‍ കരളിന് വേണ്ട ഓക്‌സിജന്‍ കിട്ടാതെ യുവാവ് മരണപ്പെട്ടു എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കോള കുടിച്ച് ആറുമണിക്കൂറിനു ശേഷം അസഹ്യമായ വയറുവേദനയുമായി ആശുപത്രിയില്‍ ചെന്ന യുവാവിനെ ഡോക്ടര്‍മാര്‍ക്ക് രക്ഷിക്കാനായില്ല. ചൂട് വര്‍ധിച്ചതോടെ ആശ്വാസത്തിനായാണ് യുവാവ് ഈ സാഹസം പ്രവര്‍ത്തിച്ചത്.
വയറിനുള്ളില്‍ ഉരുണ്ടുകൂടിയ ഗ്യാസ് യുവാവിന്റെ പോര്‍ട്ടല്‍ ഞരമ്പിലേക്ക് കയറിയതോടെ കരളിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെട്ട യുവാവ് മരിക്കുകയായിരുന്നു. ക്ലിനിക്‌സ് ആന്‍ഡ് റിസേര്‍ച്ച് ഇന്‍ ഹെപ്പറ്റോളജി ആന്‍ഡ് ഗാസ്‌ട്രോ എന്ററോളജി എന്ന ജേര്‍ണലിലും ഇത് പരാമര്‍ശിച്ചിട്ടുണ്ട്. ആശുപത്രിയില്‍ എത്തിച്ച സമയത്ത് യുവാവിന് വയറുവേദനയ്ക്ക് പുറമേ അമിതമായ ഹൃദയമിടിപ്പ്, കുറഞ്ഞ രക്തസമ്മര്‍ദ്ദം, കൂടിയ ശ്വാസഗതി എന്നീ ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നു. ഹെപ്പാറ്റിക്ക് ഇസ്‌കീമിയ അഥവാ ഷോക്ക് ലിവര്‍ എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. ആശുപത്രിയില്‍ എത്തിച്ച യുവാവിന്റെ ഉദരത്തില്‍ നിന്ന് ഗ്യാസ് നീക്കാന്‍ ഡോക്ടര്‍മാര്‍ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.