ആരോഗ്യമന്ത്രിക്കെതിരെ അശ്ലീല പരാമര്‍ശം; പി.സി ജോര്‍ജിനെതിരെ കേസെടുത്തു

ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയതിന് പി.സി ജോര്‍ജിനെതിരെ കേസെടുത്തു. എറണാകുളം നോര്‍ത്ത് പൊലീസാണ് കേസെടുത്തത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 509 വകുപ്പ് പ്രകാരമാണ് കേസ്. സ്ത്രീത്വത്തെ അപമാനിച്ചതായി പൊലീസ് കണ്ടെത്തി.

ക്രൈം സ്റ്റോറി മലയാളം എന്ന എഫ് ബി പേജിന് നൽകിയ അഭിമുഖത്തിലാണ് പി സി ജോർജ് വിവാദ പരാമർശങ്ങൾ നടത്തിയത്.

‘കേരള സംസ്ഥാനത്തിന് അപമാനമാണ് വീണാ ജോർജെന്ന ആരോഗ്യമന്ത്രി. സംശയം വേണ്ട. എന്തൊരു കഷ്ടകാലമാണെന്നാലോചിക്കണം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൊറോണ രോഗികളുള്ള നാടായി കേരളത്തെ മാറ്റിയെടുത്തതിന് വീണാ ജോർജിന് അവാർഡ് കിട്ടും. അവര് ടീവീല് എന്നും വരുന്നതെന്തിനാ? അവരുടെ സൗന്ദര്യം കാണിക്കാൻ വരികയാ. എന്നാ സൗന്ദര്യം, ആരുടെ സൗന്ദര്യം? എയ്ജ് ഇത്ര ആയില്ലേ. കിളവിയാണെന്ന് ചിന്തിക്കേണ്ടേ അവർ. ആരെ കാണിക്കാനാ, ആർക്കു വേണ്ടിയാ ഇതൊക്കെ, കാണിക്കേണ്ടവരെ കാണിക്കുന്നുണ്ടെന്നാ. അത് ജനങ്ങളെ കാണിക്കണ്ടല്ലോ. കോവിഡ് പിടിച്ചു ജനങ്ങൾ മരിക്കുമ്പോ ചിരിച്ചുകൊണ്ടിരിക്കുകയല്ലേ. എങ്ങനെ അവർക്ക് ചിരിക്കാൻ പറ്റുന്നു. എനിക്ക് ചിന്തിക്കാൻ പോലും പറ്റുന്നില്ല’ – എന്നിങ്ങനെയായിരുന്നു പിസി ജോർജിന്റെ വാക്കുകൾ.