അശ്ലീല പരാമർശം നടത്തിയ ജോയ്‌സ് ജോർജിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് ചെന്നിത്തല

രാഹുൽ ഗാന്ധിക്കെതിരായ മുൻ എം.പി ജോയ്‌സ് ജോർജിന്റെ വിവാദ പരാമർശത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്ത്രീവിരുദ്ധ പരാമർശങ്ങളുമായി രാഹുൽ ഗാന്ധിയെ അപമാനിച്ച ജോയ്‌സ് ജോർജിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. എറണാകുളം സെന്റ്. തെരേസാസ് കോളേജ് വിദ്യാർഥികളെ രാഹുൽ ഗാന്ധി ഐക്കിഡോ പരിശീലിപ്പിച്ചതിനെ പരിഹസിച്ചായിരുന്നു ജോയ്‌സ് ജോർജിന്റെ പരാമർശം.

അദ്ദേഹത്തിന്റെ അശ്ലീല പരാമർശം പൊറുക്കാനാവാത്തതാണ്. മന്ത്രി എം.എം മണി ഉൾപ്പെടെയുള്ളവർ സദസ്സിലിരുന്ന് കുലുങ്ങിച്ചിരിക്കുന്നതും തികഞ്ഞ അശ്ലീലമാണ്. പെൺകുട്ടികൾ ഉൾപ്പെടെയുള്ളവർ സങ്കോചങ്ങളില്ലാതെ അദ്ദേഹത്തോട് പെരുമാറുന്നത് രാഹുൽ ഗാന്ധിയോടുള്ള വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും തെളിവാണെന്നും ചെന്നിത്തല പറഞ്ഞു.