കേരളം ഫിക്‌സിഡ് ഡെപ്പോസിറ്റായി യുഡിഎഫും എൽഡിഎഫും കണക്കാക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളിൽ ഇത്തവണ വലിയ മാറ്റം വന്നുവെന്ന് പ്രധാമന്ത്രി നരേന്ദ്രമോദി. പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു മോദി. കേരളത്തിന്റെ അഭിമാനപുത്രനാണ് ഇ ശ്രീധരനെന്നും മോദി പറഞ്ഞു
നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ വിജയത്തിനായി നിങ്ങൾ അനുഗ്രഹിക്കണം. പുതുതലമുറ യുഡിഎഫിലും എൽഡിഎഫിലും നിരാശരാണ്. അഞ്ച് വർഷം ഒരു കൂട്ടരും അടുത്ത അഞ്ച് വർഷം മറ്റൊരു കൂട്ടരും കൊള്ളയടിക്കും. ബംഗാളിൽ ഇവർ രണ്ട് പേരും ഒറ്റക്കെട്ടാണ്.
ഇവിടെ തെരഞ്ഞെടുപ്പ് കാലത്ത് ഇവർ പരസ്പരം പോരടിക്കുന്നു. രണ്ട് കൂട്ടർക്കും പണമുണ്ടാക്കാനുള്ള മാർഗങ്ങളുണ്ട്. യൂദാശ് യേശുവിനെ ഒറ്റിയ പോലെയാണ് സ്വർണക്കടത്തിൽ കേരളത്തെ എൽഡിഎഫ് ഒറ്റുകൊടുത്തത്. യുഡിഎഫുകാർ സൂര്യരശ്മികളെ പോലും വിറ്റുകാശാക്കി.
കേരളത്തിനായി ബിജെപിക്ക് വലിയ വിഷനുണ്ട്. അതാണ് യുവത്വവും പ്രൊഫഷനലുകളും ബിജെപിയെ തുറന്ന് പിന്തുണക്കുന്നത്. വിശ്വാസ സംരക്ഷണത്തിന് വേണ്ടി മുന്നിട്ടിറങ്ങിയ പാർട്ടിയുടെ ഭാഗമാണെന്നതിൽ അഭിമാനിക്കുന്നുവെന്നും മോദി പറഞ്ഞു.