സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശവുമായി യൂട്യൂബ് വിഡിയോകൾ പോസ്റ്റ് ചെയ്തയാളെ കൈയ്യേറ്റം ചെയ്ത സംഭവത്തിൽ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തു.
യൂട്യൂബർ വിജയ് പി.നായരെ മർദിച്ച സംഭവത്തിൽ ഡബ്ബിങ് ആർടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറക്കൽ എന്നിവർക്കെതിരെ കേസെടുത്തു. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസ്.
നേരത്തെ യൂട്യൂബ് ചാനലിലൂടെ ലൈംഗിക അധിക്ഷേപ പരാമർശങ്ങൾ നടത്തിയ കേസിൽ വിജയ് പി.നായർക്കെതിരെ കേസെടുത്തിരുന്നു. ഭാഗ്യലക്ഷ്മി നൽകിയ പരാതിയിൽ സെക്ഷൻ 354 പ്രകാരമാണ് കേസെടുത്തതെന്ന് തമ്പാനൂർ പൊലീസ് അറിയിച്ചു.
ശനിയാഴ്ചയാണു സ്ത്രീകൾക്കെതിരെ അശ്ലീല പരാർശം നടത്തിയ വിജയ് പി.നായരെ ഇയാൾ താമസിക്കുന്ന സ്റ്റാച്യൂ ഗാന്ധാരിയമ്മൻ കോവിൽ റോഡിനു സമീപത്തെ ലോഡ്ജ് മുറിയിലെത്തി സംഘം നേരിട്ടത്. ഫെയ്സ്ബുക്കിലൂടെ ലൈവായി വിഡിയോ കാണിച്ചു കൊണ്ടായിരുന്നു പ്രതിഷേധം.