ന്യൂഡല്‍ഹി: ഇസ്‌റായേലി ചാര സോഫ്റ്റവെയറായ പെഗാസസ് ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട ഹരജികളിന്മേല്‍ സമഗ്രമായ ഉത്തരവ് അടുത്തയാഴ്ച പുറപ്പെടുവിക്കുമെന്ന് സുപ്രീംകോടതി. അതുവരെ പശ്ചിമ ബംഗാള്‍ ഉത്തരവിട്ട രണ്ടംഗ കമ്മീഷന്റെ അന്വേഷണം നടത്തരുതെന്ന് സുപ്രീം കോടതിനിര്‍ദ്ദേശിച്ചു. ഗ്ലോബല്‍ വില്ലേജ് ഫൗണ്ടേഷന്‍ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന സന്നദ്ധ സംഘടനയാണ് ബംഗാളിന്റെ അന്വേഷണ കമ്മീഷന് എതിരെ ഹര്‍ജി നല്‍കിയത്.
പെഗാസസില്‍ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ മറ്റ് ഹരജികള്‍ക്കൊപ്പം ഇതും പരിഗണിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.സുപ്രീം കോടതി വിധി വരുന്നത് വരെ ബംഗാള്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്‍ അന്വേഷണം നടത്തരുതെന്ന് ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ ഹരീഷ് സാല്‍വെ ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ച കോടതി സമഗ്രമായ ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ അന്വേഷണം നടത്താന്‍ പാടില്ലെന്നുംഅങ്ങനെ നടന്നാല്‍ ഇടപെടേണ്ടിവരുമെന്നും സൂചിപ്പിച്ചു. തുടര്‍ന്ന് അന്വേഷണം ആരംഭിക്കില്ലെന്ന് ബംഗാള്‍ സര്‍ക്കാര്‍ ഉറപ്പു നല്‍കി.