കള്ളപ്പണ ഇടപാട് കേസിൽ അറസ്റ്റിലായ നവാബ് മാലികിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

 

കള്ളപ്പണ ഇടപാട് കേസിൽ ഇഡി അറസ്റ്റ് ചെയ്ത മഹാരാഷ്ട്ര ന്യൂനപക്ഷകാര്യ മന്ത്രിയും മുതിർന്ന എൻസിപി നേതാവുമായ നവാബ് മാലിക് ആശുപത്രിയിൽ. ചില ആരോഗ്യ പ്രശ്‌നങ്ങളാൽ മാലിക്കിനെ മുംബൈയിലെ ജെ ജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് നവാബ് മാലിക്കിന്റെ ഓഫീസ് അറിയിച്ചു.

ഇ ഡി അറസ്റ്റ് ചെയ്ത നവാബ് മാലിക്കിനെ മാർച്ച് 3 വരെ റിമാൻഡിൽ വിട്ടിരിക്കുകയാണ്. ഇഡി കസ്റ്റഡി സമയത്ത്, മാലിക് ചില ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് കേന്ദ്ര ഏജൻസി ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടിരുന്നെന്നും തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും റിപ്പോർട്ടുണ്ട്.

മാലിക്കിനെ ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ രാജി ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തിയിരുന്നു. എന്നാൽ, രാജി വെയ്ക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് മഹാരാഷ്ട്രയിലെ ഭരണ മുന്നണിയായ മഹാ വികാസ് അഘാഡി തീരുമാനിച്ചു. ഉദ്ദവ് താക്കറെയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോൺഗ്രസും ശിവസേനയും എൻസിപിയും ഇക്കാര്യത്തിൽ ഒരേ തീരുമാനമെടുത്തു.