ചെന്നൈ: ബിജെപി പ്രകടനപത്രികയിലെ സൗജന്യ കൊവിഡ് വാക്‌സിന്‍ വാഗ്‌ദാനത്തിനെതിരേ നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍. ഇതേവരെ കണ്ടുപിടിച്ചിട്ടില്ലാത്ത പ്രതിരോധമരുന്ന് സൗജന്യമായി നല്‍കുമെന്ന വാഗ്‌ദാനം ജനങ്ങളുടെ ജീവന്‍ വെച്ചുള്ള പന്തുതട്ടലായിരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി.
ബിജെപി ഇന്നലെ പുറത്തിറക്കിയ ബിഹാര്‍ തെരഞ്ഞെടുപ്പു പ്രകടനപത്രികയിലാണ് ഭരണം ലഭിച്ചാല്‍ സൗജന്യമായി കൊവിഡ് വാക്‌സിന്‍ നല്‍കുമെന്നു പ്രഖ്യാപിച്ചത്. ഭരണത്തിലേറിയാല്‍ 19 ലക്ഷം പേര്‍ക്ക് തൊഴിലും സൗജന്യ കൊവിഡ് പ്രതിരോധമരുന്നുമാണ് ‘സങ്കല്‍പ്പ് പത്രിക’ എന്ന പേരു നല്‍കിയിരിക്കുന്ന പ്രകടനപത്രികയിലെ പ്രധാന വാഗ്‌ദാനങ്ങള്‍.
- പ്രതിരോധ വാക്‌സിന്‍ എന്നു പറഞ്ഞാല്‍ ജീവന്‍ രക്ഷാഔഷധമെന്നാണര്‍ത്ഥം, അതിനെ പൊള്ളയായ തെരഞ്ഞെടുപ്പു വാഗ്‌ദാനമായി ഉപയോഗിക്കാന്‍ പാടില്ല- കമല്‍ പറഞ്ഞു. പാവപ്പെട്ടവരുടെ ദുരവസ്ഥ ചൂഷണം ചെയ്യുകയാണ് രാഷ്ട്രീയപ്പാര്‍ട്ടികള്‍. ജനങ്ങളുടെ ജീവന്‍വെച്ചു കളിക്കാനാണു മുതിരുന്നതെങ്കില്‍ അവര്‍ രാഷ്ട്രീയക്കാരുടെ കഥകഴിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.