രാജ്യത്ത് കുതിച്ചുയരുന്ന എണ്ണവില നിയന്ത്രിക്കാനായി കേന്ദ്രം തന്ത്രപ്രധാന നീക്കത്തിനൊരുങ്ങുന്നതായി റിപ്പോർട്ട്. രാജ്യത്തെ കരുതൽ ശേഖരം പുറത്തെടുക്കുമെന്നാണ് വിവരം. എണ്ണവിതരണ രാജ്യങ്ങൾ കൃത്രിമമായി ഡിമാൻഡ് സൃഷ്ടിക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകുന്നതിനായി അമേരിക്ക നടപ്പാക്കുന്ന പദ്ധതിയിൽ ഇന്ത്യയും ഭാഗമാകുമെന്നാണ് വിവരം.
കരുതൽ ശേഖരം അടിയന്തരമായി തുറന്നുവിടണമെന്ന ബൈഡൻ ഭരണകൂടത്തിന്റെ ആഹ്വാനത്തോട് കേന്ദ്ര പെട്രോളിയം, വിദേശകാര്യ മന്ത്രാലയങ്ങൾക്ക് അനുകൂല നിലപാടാണുള്ളത്. ചൈന അമേരിക്കൻ നിർദേശം നടപ്പാക്കാനൊരുങ്ങുകയാണ്. ജപ്പാനും ഇക്കാര്യം സജീവമായി പരിഗണിക്കുന്നുണ്ട്
യുഎസ്, ചൈന, ജപ്പാൻ, ഇന്ത്യ, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങൽ ഒന്നിച്ച് കരുതൽ ശേഖരം തുറന്നുവിടുന്നതിന് തീരുമാനമെടുത്താൽ എണ്ണ ഉത്പാദക രാജ്യങ്ങൾക്കിത് വലിയ മുന്നറിയിപ്പായിരിക്കും. വിതരണ തടസ്സങ്ങൾ നേരിടാനാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ കരുതൽ ശേഖരം സൃഷ്ടിച്ചിരിക്കുന്നത്. വില നിയന്ത്രിക്കാനായി ഇത് ഉപയോഗിച്ചാൽ ഉണ്ടാകുന്ന രാഷ്ട്രീയ പ്രത്യാഘാതങ്ങളും കേന്ദ്രം ചർച്ച ചെയ്യുന്നുണ്ട്.