മുഖ്യമന്ത്രിയായിട്ടും ഒന്നും ചെയ്യാനാകുന്നില്ല; കടുത്ത നടപടിയെടുത്തില്ലെങ്കിൽ ഡൽഹി വലിയ ദുരന്തത്തിലേക്ക് പോകുമെന്ന് പ്രധാനമന്ത്രിയോട് കെജ്രിവാൾ

ഡൽഹിയിലാകെ ഓക്‌സിജൻ ക്ഷാമം രൂക്ഷമാണെന്നും അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ വലിയ ദുരന്തമുണ്ടാകുമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മുഖ്യമന്ത്രിമാർ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്.

ഡൽഹിയിൽ നിരവധി രോഗികൾ ഓക്‌സിജൻ ലഭിക്കാതെ മരിക്കുന്ന സാഹചര്യമുണ്ടായിരുന്നു. ഈ സന്ദർഭത്തിലാണ് കെജ്രിവാൾ പ്രധാനമന്ത്രിയോട് സംസാരിച്ചത്. ഓക്‌സിജൻ ഉത്പാദിപ്പിക്കുന്ന പ്ലാന്റ് ഡൽഹിയിൽ ഇല്ലെങ്കിൽ ഇവിടെയുള്ളവർക്ക് ഓക്‌സിജൻ ലഭിക്കില്ലേയെന്ന് കെജ്രിവാൾ ചോദിച്ചു.

ഓക്‌സിജന്റെ അഭാവം മൂലം രോഗി മരിക്കാൻ കിടക്കുമ്പോൾ ഞാൻ ആരോട് സംസാരിക്കണമെന്ന് ദയവായി നിർദേശിക്കുക. ആളുകളെ ഇങ്ങനെ മരണത്തിന് വിട്ടുകൊടുക്കാൻ ഞങ്ങൾക്കാവില്ല. കർശന നടപടിയെടുക്കാൻ ഞാൻ നിങ്ങളോട് അഭ്യർഥിക്കുകയാണ്. ഇല്ലെങ്കിൽ വലിയ ദുരന്തം ഡൽഹിയിലുണ്ടാകുമെന്നും കെജ്രിവാൾ പറഞ്ഞു.