കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതിന്റെ ഭാഗമായി മാസ്‌ക് ഇനി മുതൽ ആവശ്യമില്ലെന്ന് നിർദേശിച്ചുവെന്ന വാർത്തകൾ തള്ളി കേന്ദ്രസർക്കാർ. മാസ്‌ക് ഒഴിവാക്കാൻ തീരുമാനിച്ചിട്ടില്ല. ഇനി മുതൽ മാസ്‌ക് വേണ്ടെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചതോടെയാണ് വിശദീകരണവുമായി കേന്ദ്രം രംഗത്തുവന്നത്.
മാസ്‌ക് ധരിക്കുന്നത് തുടരണം. മാസ്‌ക് ധരിച്ചില്ലെങ്കിൽ കേസെടുക്കേണ്ടെന്ന് മാത്രമാണ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. മാസ്‌ക് ഒഴിവാക്കി മുന്നോട്ടുപോകേണ്ട സാഹചര്യത്തിലേക്ക് രാജ്യം എത്തിയിട്ടില്ല. ദുരന്ത നിവാരണ നിയമ പ്രകാരമുള്ള നടപടികളിൽ ഇളവ് കൊണ്ടുവരാനാണ് നിർദേശം നൽകിയതെന്നും കേന്ദ്രം അറിയിച്ചു
മാസ്‌ക് ഒഴിവാക്കാൻ സമയമായിട്ടില്ലെന്നും അടുത്ത ജൂണോടെ പുതിയ തരംഗം ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നും ഐഎംഎയുടെ മുന്നറിയിപ്പ് നൽകിയിരുന്നു. ഒറ്റയടിക്ക് മാസ്‌കിൽ ഇളവു കൊണ്ടുവന്നാൽ അതൊരു വെല്ലുവിളിക്ക് വഴിയൊരുക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.