കൊവിഡിന്റെ മൂന്നാം തരംഗത്തിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഒന്നും രണ്ടും തരംഗങ്ങളെ അപേക്ഷിച്ച് മൂന്നാം വ്യാപനത്തിൽ അതി തീവ്ര വ്യാപനത്തിലേക്ക് തുടക്കത്തിൽ തന്നെ കടന്നിരിക്കുകയാണ്. ഡെൽറ്റയും ഒമിക്രോണും കാരണവും കൊവിഡ് കേസുകൾ ഉണ്ടാകുന്നുണ്ട്. ഡെൽറ്റയേക്കാൾ തീവ്രത കുറവാണെങ്കിലും ഒമിക്രോണിനെ അവഗണിക്കരുത്. അത്തരം പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണ്.
ഒമിക്രോണിന്റെ വ്യാപനശേഷി കൂടുതലായതിനാൽ എൻ 95 മാസ്‌കോ ഡബിൾ മാസ്‌കോ ധരിക്കണം. സാമൂഹിക അകലം കൃത്യമായി പാലിക്കണം. കൈകൾ സാനിറ്റൈസ് ചെയ്യണം, വാക്‌സിൻ സ്വീകരിക്കണം, ആരോഗ്യ പ്രവർത്തകരടക്കം ബൂസ്റ്റർ ഡോസ് എടുക്കണം, വായു സഞ്ചാരമുള്ള സ്ഥലത്ത് ഇരിക്കണം തുടങ്ങിയ അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കണം.
നിലവിൽ പലയിടത്തും ക്ലസ്റ്ററുകൾ രൂപപ്പെടുന്നുണ്ട്. 1508 ആരോഗ്യ പ്രവർത്തകർക്ക് ജനുവരി മുതൽ ഇതുവരെ കൊവിഡ് പോസിറ്റീവായിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥരും പോസീറ്റീവാകുന്നുണ്ട്. ആരോഗ്യ പ്രവർത്തകർ കൂടുതൽ ജാഗ്രത പാലിക്കണം. പൊതുജനങ്ങൾ അനാവശ്യമായ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കണം.
ആശുപത്രികളിൽ ജീവനക്കാരുടെ കൂട്ടം ചേരൽ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണം. രോഗിയുടെ കൂട്ടിരിപ്പിന് ഒരാൾ മാത്രം പോകാൻ ശ്രദ്ധിക്കണമെന്നും മന്ത്രി നിർദേശിച്ചു