സംസ്ഥാനത്ത് ഇപ്പോഴുള്ളത് കൊവിഡ് മൂന്നാം തരംഗമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് സർക്കാർ

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോഴുള്ളത് കൊവിഡ് മൂന്നാം തരംഗമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് സർക്കാർ. ഡെൽറ്റയുടെ രോഗവ്യാപനം കുറയുന്നതിന് മുമ്പേ വളരെ വേഗത്തിലാണ് ഒമിക്രോൺ പടരുന്നത്. സംസ്ഥാനത്തിപ്പോൾ ഡെൽറ്റ, ഒമിക്രോൺ വ്യാപനം ഉണ്ട്.

ജനങ്ങളിലെ അശ്രദ്ധയും ജാഗ്രതക്കുറവും ഈ രോഗവ്യാപനത്തിന് കാരണമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ക്രിസ്മസ്, പുതുവത്സരാഘോഷങ്ങൾ മറ്റൊരു കാരണമാണ്. മൂന്നാഴ്ചയ്ക്കുള്ളിൽ ഈ രോഗവ്യാപനം അതിന്‍റെ ഉന്നതിയിൽ എത്തുമെന്നാണ് സർക്കാരിന്‍റെ കണക്കുകൂട്ടൽ. ഫെബ്രുവരി 15-നകം ഇത് പീക്കിൽ എത്തും. ഇനി വരാനിരിക്കുന്ന ഒരു മാസം നിർണായകമാണ്. പല ജില്ലകളിൽ പല തോതിൽ കേസുകൾ ഉയരും. സംസ്ഥാനസർക്കാർ ഒമിക്രോൺ ടെസ്റ്റ് കിറ്റിന് ടെൻഡർ നൽകിയിട്ടുണ്ടെന്നും, അത് ഉടനടി ലഭ്യമാക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ഇനി ജനിതകശ്രേണി പരിശോധനയിൽ പ്രസക്തി ഇല്ല. പക്ഷേ പുതിയ വകഭേദങ്ങൾ ഉണ്ടോ എന്നറിയാൻ പരിശോധന തുടരും. ചിന്തിക്കുന്നതിനേക്കാൾ വേഗത്തിൽ തീവ്രവ്യാപനം നടക്കുന്നു. സമൂഹവ്യാപനം ഉണ്ടാകാൻ സാധ്യതയുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ ഇക്കാര്യം വ്യക്തമാകുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.