ഒമിക്രോൺ വ്യാപനം: ആഘോഷങ്ങൾ കരുതലോടെ വേണമെന്ന് ആരോഗ്യമന്ത്രി

 

ഒമിക്രോൺ രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങൾ കരുതലോടെ വേണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. സംസ്ഥാനത്ത് ഇതുവരെ 29 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. വളരെ വേഗത്തിൽ പടർന്നുപിടിക്കുന്നതാണ് രോഗം. അതിനാൽ ആൾക്കൂട്ടം പരമാവധി ഒഴിവാക്കണം

പ്രായമായവർ, കുട്ടികൾ, രോഗബാധിതർ എന്നിവർ ഏറെ ശ്രദ്ധിക്കണം. ഒമിക്രോൺ പ്രതിരോധത്തിൽ വളരെ പ്രധാനമാണ് മാസ്‌കുകൾ. അതിനാൽ തന്നെ പൊതുസ്ഥലങ്ങളിലോ പൊതു ചടങ്ങുകളിലോ പങ്കെടുക്കുമ്പോൾ എൻ 95 മാസ്‌കുകൾ ധരിക്കുക. ഒരു കാരണവശാലും മാസ്‌ക് മാറ്റി സംസാരിക്കുകയോ ഫോട്ടോ എടുക്കുകയോ ചെയ്യരുത്. ഭക്ഷണം കഴിക്കുമ്പോൾ അകലം പാലിച്ചിരുന്ന് കഴിക്കാൻ ശ്രദ്ധിക്കണം

പൊതുസ്ഥലങ്ങളിൽ ഒരാൾക്ക് ഒമിക്രോൺ വന്നാൽ വളരെപ്പെട്ടെന്ന് മറ്റുള്ളവരിലേക്ക് വ്യാപിക്കും. ഇനിയും നമുക്ക് അടച്ചുപൂട്ടൽ സാധ്യമല്ല. ക്വാറന്റൈനിൽ ഉള്ളവരും സ്വയം നിരീക്ഷണത്തിലുള്ളവരും ആൾക്കൂട്ടത്തിലോ പൊതു ചടങ്ങുകളിലോ പരിപാടികളിലോ പങ്കെടുക്കാൻ പാടില്ലെന്നും വാക്‌സിൻ എടുക്കാൻ ബാക്കിയുള്ളവർ അടിയന്തരമായി വാക്‌സിൻ എടുക്കണമെന്നും മന്ത്രി അഭ്യർഥിച്ചു.