ഒമിക്രോൺ വ്യാപനം: സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി കേന്ദ്രസർക്കാർ

 

കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ പടരുന്നതിനിടെ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി കേന്ദ്രസർക്കാർ. ഊർജിത നടപടികൾ സ്വീകരിക്കാനും കർശന നിരീക്ഷണം ഏർപ്പെടുത്താനും എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രം നിർദേശം നൽകി. വാക്‌സിനേഷൻ കൂടുതലാളുകളിലേക്ക് എത്തിക്കാനും നിർദേശം നൽകിയിട്ടുണ്ട്

ഒമിക്രോൺ സാന്നിധ്യം കണ്ടെത്തിയ രാജ്യങ്ങളെ റിസ്‌ക് പട്ടികയിലാണ് കേന്ദ്രം ഉൾപ്പെടുത്തിയിട്ടുള്ളത്. ഇവിടെ നിന്ന് ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാരെ കർശന പരിശോധനകൾക്കും നിരീക്ഷണത്തിനും വിധേയമാക്കും. ഊർജിത നടപടി, സജീവ നിരീക്ഷണം, വാക്‌സിനേഷൻ കൂടുതൽ പേരിലേക്ക് എത്തിക്കൽ, കൊവിഡ് അനുയോജ്യ പെരുമാറ്റം എന്നിവ ഫലപ്രദമായി നടപ്പാക്കേണ്ടത് ആശങ്കയുണർത്തുന്ന വകഭേദത്തെ കൈകാര്യം ചെയ്യാൻ അനിവാര്യമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രതികരിച്ചു

അന്താരാഷ്ട്ര വിമാനങ്ങളിൽ എത്തുന്നവരുടെ യാത്രാവിവരങ്ങൾ ശേഖരിക്കാനും സംസ്ഥാനതലത്തിൽ അവലോകനം ചെയ്യാനും കേന്ദ്രം നിർദേശിച്ചു. ആവശ്യത്തിന് പരിശോധന നടത്താതിരുന്നാൽ രോഗവ്യാപനത്തിന്റെ തോത് മനസ്സിലാക്കാൻ സാധിക്കാതെ പോകുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.