ബ്രഹ്മപുത്ര കരകവിഞ്ഞൊഴുകുന്നു; പ്രളയജലത്തില്‍ വിറച്ച് അസം, മുങ്ങിയത് 2400 ഗ്രാമങ്ങള്‍

ഗുവാഹട്ടി:  പ്രളയക്കെടുതി രൂക്ഷമായ അസമില്‍ മരണം 87 കടന്നു. നിലവിൽ സംസ്ഥാനത്തെ 30 ജില്ലകളിലായി 55 ലക്ഷം ആളുകളെയാണ് പ്രളയം ബാധിച്ചത്. സംസ്ഥാനത്തെ 2,409 ഗ്രാമങ്ങള്‍ പ്രളയത്തില്‍ മുങ്ങിയെന്ന്അസം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ നാലുദിവസായി ശക്തമായ മഴയാണ് അസ്സമുള്‍പ്പെടെയുള്ള വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പെയ്യുന്നത്. ഇതിന്റെ ദുരിതം ഏറ്റവുമധികം ബാധിച്ചത് അസമിനെയാണ്. നിര്‍ത്താതെ പെയ്യുന്ന മഴയേത്തുടര്‍ന്ന് ബ്രഹ്മപുത്രയും അതിന്റെ പോഷകനദിയായ കൃഷ്ണയും കരകവിഞ്ഞ് ഒഴുകികൊണ്ടിരിക്കുകയാണ്. 
1,09,358,.67 ഹെക്ടര്‍ കൃഷിഭൂമി പ്രളയത്തില്‍ മുങ്ങി വിളകള്‍ നശിച്ചു. നിലവില്‍ 44,553 പേരെയാണ് രക്ഷാ സംഘങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്. 18 ജില്ലകളിലായി 397 ദുരിതാശ്വാസ കേന്ദ്രങ്ങളാണ് സര്‍ക്കാര്‍ തുറന്നിരിക്കുന്നത്. 
മഴ തുടരുന്ന പശ്ചാത്തലത്തില്‍ ബ്രഹ്മപുത്ര നദിയിലെ ജലനിരപ്പ് 30 സെന്റീമീറ്റര്‍ കൂടി ഉയരുമെന്നാണ് കേന്ദ്ര ജലകമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 
കോവിഡ് പകര്‍ച്ചവ്യാധിയുടെ ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനവും പുനരധിവാസവും ആരോഗ്യ സുരക്ഷയുമുള്‍പ്പെടെയുള്ള വലിയ വെല്ലുവിളിയാണ് അസം സര്‍ക്കാരിനെ കാത്തിരിക്കുന്നത്.