എട്ട് വിമാനത്താവളങ്ങളുടെ സ്വകാര്യവൽക്കരണം; തൊഴിൽ നഷ്ടപ്പെട്ടവരുടെ വിവരങ്ങൾ പുറത്തുവിടാതെ കേന്ദ്രസർക്കാർ

 

രാജ്യത്തെ എട്ട് വിമാനത്താവളങ്ങളുടെ സ്വകാര്യവൽക്കരണത്തെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ട തൊഴിലാളികളുടെ കണക്കുകൾ വെളിപ്പെടുത്താൻ വിസമ്മതിച്ച്‌ വ്യോമയാന മന്ത്രാലയം. രാജ്യ സഭയിൽ സി.പി.ഐ എം.പി ബിനോയ് വിശ്വം ചോദിച്ച ചോദ്യത്തിന് നൽകിയ മറുപടിയിയിലാണ് കേന്ദ്ര ഗവണ്മെന്റിന്റെ ഈ മൗനം. സ്വകാര്യ കമ്പനികൾക്ക് കൈമാറിയ വിമാനത്താവളങ്ങളിലെ ജീവനക്കാരുടെ അവസ്ഥയെക്കുറിച്ചുള്ള മൗനം അവരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുമെന്ന സർക്കാരിന്റെ അവകാശവാദത്തിന് വിരുദ്ധമാണ്.

2022-2025 കാലയളവിൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (AAI) 25 വിമാനത്താവളങ്ങൾ കൂടി സ്വകാര്യവത്കരിക്കുമെന്ന് മറുപടിയിൽ പറയുന്നു. കൂടുതൽ വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കാനുള്ള സർക്കാർ തീരുമാനം പ്രഖ്യാപിച്ചതു മുതൽ,AAI-യുടെ ജീവനക്കാർ ഈ നീക്കത്തിനെതിരെ രാജ്യത്തുടനീളമുള്ള വിമാനത്താവളങ്ങളിൽ നിരന്തരം പ്രതിഷേധമുയർത്തുന്നുണ്ട്.

എയർപോർട്ടുകളുടെ സ്വകാര്യവൽക്കരണം തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിലേക്ക് നയിക്കുമെന്ന അവരുടെ ആശങ്ക സർക്കാർ ക്രൂരമായി അവഗണിച്ചു. അസിസ്റ്റന്റ് ജനറൽ മാനേജർ തലം വരെയുള്ള ജീവനക്കാർക്ക് 3 വർഷത്തേക്ക് (അതായത് 1 വർഷത്തെ ജോയിന്റ് മാനേജ്‌മെന്റ് കാലയളവും തുടർന്ന് 2 വർഷത്തെ ഡെപ്യൂട്ടേഷൻ കാലയളവും) അതാത് വിമാനത്താവളത്തിൽ തുടരാമെന്ന് മന്ത്രാലയം അറിയിച്ചു.

കൂടാതെ, നിലവിലുള്ള നിബന്ധനകളെക്കാൾ കുറയാതെ ചുരുങ്ങിയത് 60% ജീവനക്കാർക്കെങ്കിലും അപ്പോയിന്റ്മെന്റ് ഓഫർ നീട്ടാൻ കൺസഷനയർ ബാധ്യസ്ഥനാണ്. എന്നാൽ, പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് സംവരണമില്ലാത്തത്, കരാർ ജീവനക്കാരെ സ്വകാര്യ ഓപ്പറേറ്റർമാർ ചൂഷണം ചെയ്യുന്നത് തുടങ്ങിയ ജീവനക്കാർ ഉന്നയിക്കുന്ന ആശങ്കകൾ പരിഹരിക്കാൻ എന്തെല്ലാം നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കിയില്ല. ഇതിനു പുറമെ , 2020-21കാലയളവിൽ, AAI-ക്ക് ഡൽഹി, മുംബൈ വിമാനത്താവളങ്ങളിലെ സ്വകാര്യ പങ്കാളികളിൽ നിന്നുള്ള വരുമാന വിഹിതമായി 29,862 കോടി രൂപ ലഭിച്ചതായും ഡാറ്റ വെളിപ്പെടുത്തുന്നു .