Headlines

‘പേര് പറയാൻ ഇപ്പോഴും ഉദേശിക്കുന്നില്ല; വിഷയം വ്യക്തിപരമല്ല, സ്ത്രീകൾക്ക് വേണ്ടിയുള്ള പോരാട്ടം’; റിനി ആൻ ജോർജ്

യുവനേതാവിന്റെ പേര് പറയാൻ ഇപ്പോഴും ഉദേശിക്കുന്നില്ലെന്ന് നടി റിനി ആൻ ജോർജ്. തന്റെ പോരാട്ടം സ്ത്രീകൾക്ക് വേണ്ടിയാണ്. സ്ത്രീകൾ മുന്നോട്ടുവരുമ്പോൾ അതിന്റെ സത്യാവസ്ഥ സമൂഹം ഏറ്റെടുക്കണമെന്ന് റിനി പറഞ്ഞു. ഏതെങ്കിലും പാർട്ടി സ്‌പോൺസർ ചെയ്തതല്ല താൻ ഉന്നയിച്ച കാര്യങ്ങളെന്ന് റിനി വ്യക്തമാക്കി. വ്യക്തിപരായി ആരുടെയും പേര് പറയാനോ പ്രസ്ഥാനത്തിന്റെ പേര് പറയാനോ താൻ ഉദേശിക്കുന്നില്ലെന്ന് റിനി ആൻ ജോർജ് വ്യക്തമാക്കി.

നടപടി എന്താണെങ്കിലും തീരുമാനിക്കേണ്ടത് ധാർമികത മുൻനിർത്തി ആ പ്രസ്ഥാനമാണ്. ഇനിയെങ്കിലും ആ വ്യക്തി നവീകരിക്കപ്പെടണം. ഒരു രാഷ്ട്രീയ നേതാവ് സമൂഹത്തിൽ എങ്ങനെയായിരിക്കണമെന്നത് മാത്രമാണെന്നതാണ് വിഷയമെന്ന് റിനി പറഞ്ഞു. പുറത്തുവന്നിട്ടുള്ള ആരോപണങ്ങൾ തെളിയിക്കേണ്ടതുണ്ട്. ഗുരുതരമായ ആരോപണങ്ങളാണ് ഉയരുന്നത്. സ്ത്രീകൾക്ക് വേണ്ടിയാണ് ഈ പോരാട്ടം. വ്യക്തിപരമായി തനിക്ക് സന്തോഷമില്ല. തന്റെ ഭാഗത്താണ് ശരിയെങ്കിൽ കാലം തെളിയിക്കുമെന്ന് വിശ്വസിക്കുന്നുവെന്ന് റിനി പറഞ്ഞു. വരുന്ന ആരോപണങ്ങൾ അന്വേഷിക്കേണ്ടതാണെന്ന് റിനി ആവശ്യപ്പെട്ടു.

ഹൂ കെയേഴ്‌സ് എന്ന ആറ്റിട്യൂഡിലാണ് ആ വ്യക്തി. എന്നാൽ പേരെടുത്ത് പറഞ്ഞ് സംസാരിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് റിനി പറഞ്ഞു. ഇപ്പോഴെങ്കിലും കാര്യങ്ങൾ ബോധ്യപ്പെട്ടാൽ നല്ലതാകുമെന്ന് റിനി പറയുന്നു. ആശങ്കകളില്ലെന്നും തന്റെ ഭാഗം ശരിയെങ്കിൽ ആ ശരിയിലേക്ക് തന്നെ എത്തിച്ചേരുമെന്ന് വിശ്വസിക്കുകയാണെന്ന് റിനി കൂട്ടിച്ചേർത്തു.

അതസേമയം രാഹുൽ മാങ്കൂട്ടത്തിൽ‌ തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെല്ലാം തള്ളിക്കളഞ്ഞു. യുവനടി ഇതുവരെയും തന്റെ പേര് പറഞ്ഞിട്ടില്ല. പുറത്തുവന്ന വാർത്തകളിൽ പോലും നിയമവിരുദ്ധമായി ഒന്നും ചെയ്‌തിട്ടില്ല. തനിക്കെതിരെ ചമയ്ക്കപ്പെട്ട ഒരു പരാതി പോലുമില്ല. യുവ നടി തന്നെ പറ്റിയാണ് പറഞ്ഞതെന്ന് വിശ്വസിക്കുന്നില്ല. മാധ്യമങ്ങളാണ് എന്റെ പേര് പറഞ്ഞതെന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. നടി തന്റെ അടുത്ത സുഹൃത്താണ്. ഇപ്പോഴും എന്റെ അടുത്ത സുഹൃത്താണെന്നും രാഹുൽ പറഞ്ഞു.