സ്ത്രീകളെ ദുർഗാദേവിയെ പോലെ കണ്ട് ബഹുമാനിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുർഗാദേവിക്ക് ജനങ്ങൾ നൽകുന്ന ബഹുമാനം രാജ്യത്തെ സ്ത്രീകൾക്ക് നൽകണമെന്നും അദ്ദേഹം പറഞ്ഞു. ദുർഗാ പൂജയുടെ വേളയിൽ പശ്ചിമ ബംഗാളിലെ ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി . ആത്മനിർഭർ ഭാരത് അഭിയാന്റെ കേന്ദ്രത്തിന്റെ കാഴ്ചപ്പാട് ബംഗാളിൽ നിന്ന് ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ആഘോഷ വേളയിൽ ജനങ്ങൾ സാമൂഹിക അകലം പാലിക്കണമെന്നും മാസക് ധരിക്കണമെന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു. മോദി ബംഗാളിയിൽ തന്റെ പൂജാ ആശംസകൾ പങ്കുവെച്ചു. സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും പ്രധാനമന്ത്രി മോദി സംസാരിച്ചു.
സ്ത്രീ ശാക്തീകരണത്തിനായി തന്റെ സർക്കാർ നിരന്തരം പ്രവർത്തിക്കുന്നുണ്ട്. ജൻ ധൻ അക്കൗണ്ടുകൾ തുറക്കുന്നതുമുതൽ 22 കോടി സ്ത്രീകൾക്ക് മുദ്ര യോജനയിൽ സോഫ്റ്റ് ലോൺ നൽകുന്നത്, ബേട്ടി ബച്ചാവോ-ബേട്ടി പാഠാവോ സംരംഭം, സായുധ സേനയിലെ സ്ത്രീകൾക്ക് സ്ഥിരമായ കമ്മീഷൻ അനുവദിക്കുക, പ്രസവാവധി 12 മുതൽ 26 ആഴ്ച വരെ നീട്ടുക തുടങ്ങി അവരുടെ ശാക്തീകരണത്തിനായി നിരവധി നടപടികൾ സ്വീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.