ഹിജാബ് വിലക്കിൽ പ്രതിഷേധിച്ച് പരീക്ഷ ബഹിഷ്‌ക്കരിച്ച വിദ്യാർത്ഥികൾക്ക് വീണ്ടും അവസരം നൽകില്ലെന്ന് കർണാടക സർക്കാർ. പരീക്ഷ എഴുതാത്ത മറ്റുള്ളവരെപ്പോലെ തന്നെ ഇവരെ കണക്കാക്കുകയുള്ളൂവെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ് വ്യക്തമാക്കി.
ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് പരീക്ഷകളിൽനിന്ന് വിട്ടുനിന്ന വിദ്യാർത്ഥികൾക്ക് പുനഃപരീക്ഷ നടത്തുമെന്ന സൂചനയുണ്ടായിരുന്നു. ഇത് തള്ളിക്കളഞ്ഞാണ് മന്ത്രിയുടെ വിശദീകരണം പുറത്തുവന്നത്.
ഹിജാബ് വിലക്കിക്കൊണ്ടുള്ള കർണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനു പിന്നാലെ നിരവധി വിദ്യാർത്ഥികൾ ക്ലാസ് ബഹിഷ്‌ക്കരിച്ചിരുന്നു. നിരവധി പേർ സയൻസ് വിഷയത്തിലെ പ്രാക്ടിക്കൽ പരീക്ഷകളിൽനിന്ന് വിട്ടുനിൽക്കുകയും ചെയ്തിരുന്നു. എന്നാൽ, അന്തിമവിധി വന്നതിനു പിന്നാലെ പരീക്ഷ മാറ്റിനടത്തണമെന്ന ആശ്യവുമായി വിദ്യാർത്ഥികൾ രംഗത്തെത്തിയിരുന്നു.
പരീക്ഷയിൽ പങ്കെടുക്കാത്ത വിദ്യാർത്ഥികൾക്ക് ഒരിക്കലും മാറ്റിനടത്താറില്ലെന്ന് ബി.സി നാഗേഷ് വ്യക്തമാക്കി. ഹിജാബ് വിഷയത്തിൽ പരീക്ഷ ബഹിഷ്‌ക്കരിച്ചവരുടെ കാര്യവും വ്യത്യസ്തമല്ല, പരീക്ഷയിൽ പങ്കെടുക്കാത്തവർക്ക് മാറ്റിനടത്തി പുതിയൊരു മാതൃകകൊണ്ടുവരാൻ സർക്കാർ ആഗ്രഹിക്കുന്നില്ല. എല്ലാവരെയും പോലെ അവർക്കും സപ്ലിമെന്ററി പരീക്ഷ എഴുതാമെന്നും മന്ത്രി വ്യക്തമാക്കി.