ആരെയും വഴിയാധാരമാക്കില്ല; പ്രതിപക്ഷത്തിന്റേത് വിചിത്ര ന്യായങ്ങൾ: മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: സിൽവർ ലൈനിൽ പ്രതിപക്ഷത്തിന്റേത് വിചിത്ര ന്യായങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആകാശപാതയാകാമെന്ന് കോൺഗ്രസ് പറയുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് നീക്കം. ഭൂമി നഷ്ടപ്പെടുന്നവർക്ക് വിഷമമുണ്ടാകുക സ്വാഭാവികമാണ്. സർക്കാർ ആരെയും വഴിയാധാരമാക്കില്ലെന്നും നാലിരട്ടി നഷ്ടപരിഹാരം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയപാത ഭൂമിയേറ്റെടുക്കൽ യാഥാര്‍ത്ഥ്യമാക്കിയെന്ന് പറഞ്ഞ മുഖ്യമന്ത്രി സിൽവർ ലൈൻ യാഥാര്‍ത്ഥ്യമായാൽ നാടിന് വൻ പുരോഗതിയുണ്ടാകുമെന്നും കൂട്ടിച്ചേർത്തു.

സിൽവർ ലൈൻ യാഥാര്‍ത്ഥ്യമാകുന്നതിനെ കോൺഗ്രസും ബിജെപി യും ഭയക്കുന്നു. സങ്കുചിത കക്ഷി രാഷ്ട്രീയത്തിന് പ്രാധാന്യം നൽകരുത്. നാടിൻ്റെ വികസനത്തെ ജനം പിന്തുണയ്ക്കും. ദുശാഠ്യം നാടിൻറെ താത്പര്യം സംരക്ഷിക്കാനല്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

പദ്ധതിയുമായി ജനങ്ങളിലേക്ക് ഇറങ്ങുമെന്നും അടുത്ത തലമുറയ്ക്ക് വേണ്ടിയുള്ള പദ്ധതിയാണ് സിൽവർ ലൈനെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ പറ്റില്ലെന്നാണ് പലരും പറയുന്നത്, പിന്നെ എപ്പോഴാണ് നടക്കുകയെന്ന് മുഖ്യമന്ത്രി ചോദിച്ചു. സിൽവർ ലൈൻ പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു.