നിലപാടില്‍ മാറ്റമില്ല; എച്ച്എന്‍എല്‍ കേരളത്തിന് നല്‍കില്ല: ആവര്‍ത്തിച്ച് ധനമന്ത്രി നിർമല സീതാരാമൻ

 

പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ലിമിറ്റഡ് കേരളത്തിന് വിട്ടുനല്‍കില്ലെന്ന കേന്ദ്ര നിലപാട് ആവര്‍ത്തിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. സംസ്ഥാനങ്ങള്‍ക്ക് എച്ച് എന്‍ എല്‍ ലേലത്തില്‍ പങ്കെടുക്കാനാകില്ലെന്ന സര്‍ക്കാര്‍ നിലപാടില്‍ യാതൊരു മാറ്റവുമില്ലെന്ന് ധനമന്ത്രി രാജ്യസഭയില്‍ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരുകള്‍ക്കും പൊതുമേഖലാ സ്ഥാപനത്തിനും ലേലത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി കേന്ദ്രം സംസ്ഥാനത്തിന് മുന്‍പ് കത്തയച്ചിരുന്നു.

ഹിന്ദുസ്ഥാന്‍ ലാറ്റക്സിനെ ഏറ്റെടുക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച ശേഷം ആസ്തികള്‍ ഏറ്റെടുക്കുന്നതിനുള്ള സാധ്യത പരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കെഎസ്ഐഡിസിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന്റെ നടപടി ക്രമങ്ങള്‍ പുരോഗമിക്കവേയാണ് ലേലത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് സംസ്ഥാനത്തെ കേന്ദ്രം വിലക്കിയത്.

കേന്ദ്രസര്‍ക്കാരിന്റെ സ്വകാര്യവല്‍ക്കരണനയത്തിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനങ്ങള്‍ പലതും ലേല നടപടികളിലേക്ക് കടന്ന പശ്ചാത്തലത്തില്‍ പല ഘട്ടത്തിലും സ്ഥാപനങ്ങള്‍ ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സന്നദ്ധത അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി തന്നെയാണ് എച്ച്എല്‍എല്‍ ലേല നടപടികളില്‍ പങ്കെടുക്കാനുള്ള അനുമതി സംസ്ഥാന സര്‍ക്കാര്‍ തേടുന്നത്. സംസ്ഥാന സര്‍ക്കാരുകള്‍ക്കോ സര്‍ക്കാരിന്റെ അധീനതയിലുള്ള പൊതുമേഖലാ സംരംഭങ്ങള്‍ക്കോ ടെന്‍ഡര്‍ നടപടികളില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്.