പാതയോരത്തെ കൊടിതോരണങ്ങള്‍: സര്‍വകക്ഷിയോഗം വിളിച്ചതിനെതിരെ ഹൈക്കോടതിയുടെ വിമർശനം

 

പാതയോരത്തെ കൊടിതോരണങ്ങള്‍ നീക്കം ചെയ്യുന്ന വിഷയത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളെ വിമര്‍ശിച്ച് ഹൈക്കോടതി. ഉത്തരവ് മറികടക്കാന്‍ സര്‍വകക്ഷിയോഗം വിളിച്ചതിനെതിരെയായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനങ്ങള്‍. കോടതി ഉത്തരവുകളോട് ഇതാണോ സമീപനം എന്ന് ചോദിച്ച കോടതി ഇങ്ങനെയെങ്കില്‍ പുതിയ കേരളമെന്ന് പറയരുതെന്നും ആഞ്ഞടിച്ചു. കോടതി ഉത്തരവുകള്‍ ലംഘിക്കാനുള്ളതാണെന്ന് ഒരു വിഭാഗം കരുതിയാല്‍ എങ്ങനെ മുന്നോട്ടുപോകുമെന്നും ചോദിച്ചു.

കോടതിയുടെ ഇടപെടലോടെ കൊച്ചിയുടെ മുഖച്ഛായ മാറ്റിയ പഴയ ഒരു സംഭവം കോടതി ചൂണ്ടിക്കാട്ടി. കോടതി ഇടപെടലിനെത്തുടര്‍ന്നാണ് കൊച്ചിയില്‍ കഴിഞ്ഞ വര്‍ഷം ഒരു വീട്ടില്‍പ്പോലും വെള്ളം കയറാതിരുന്നതെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. കൊടിതോരണങ്ങള്‍ വെയ്ക്കാന്‍ അനുമതി വേണമെന്നാണ് രാഷ്ട്രീയപാര്‍ട്ടികളുടെ ആവശ്യം. എന്നാല്‍ പാര്‍ട്ടികള്‍ ഇത് കോടതിയില്‍ പറയാന്‍ ധൈര്യം കാണിക്കുന്നില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

പാതയോരത്തെ കൊടിതോരണങ്ങള്‍ നീക്കണമെന്ന ഉത്തരവ് നടപ്പാക്കാന്‍ ഹൈക്കോടതിയില്‍ കൂടുതല്‍ സമയം തേടാന്‍ സര്‍വകക്ഷിയോഗം തീരുമാനിച്ചിരുന്നു. പാതയോരത്തെ കൊടി തോരണങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തരുതെന്നും സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെടാനിരിക്കുകയായിരുന്നു.

മാനദണ്ഡം നിശ്ചയിച്ച്, പൊതുജനങ്ങള്‍ക്ക് പ്രയാസം ഉണ്ടാകാത്ത വിധത്തില്‍ കൊടിതോരണങ്ങള്‍ സ്ഥാപിക്കാന്‍ കോടതിയുടെ അനുമതി തേടാനും സര്‍വകകക്ഷി യോഗത്തില്‍ തീരുമാനമായിരുന്നു. പാര്‍ട്ടി സമ്മേളന വേളകളില്‍ സ്ഥാപിക്കുന്ന കൊടിതോരണങ്ങള്‍ നിശ്ചിത സമയ പരിധിക്കുളളില്‍ മാറ്റാനും മുഖ്യമന്ത്രി വിളിച്ച സര്‍വകകക്ഷി യോഗത്തില്‍ ധാരണയായി.

കാല്‍നടയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി പാതയോരങ്ങളില്‍ സ്ഥാപിച്ച കൊടി തോരണങ്ങള്‍ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി മുന്‍പ് പലതവണ നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍മാര്‍ക്കും തദ്ദേശഭരണ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കി സര്‍ക്കാര്‍ ഉത്തരവുകളും പുറപ്പെടുവിച്ചിരുന്നു.