തമിഴ്നാട് മസിനഗുഡിയിൽ ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കാട്ടാനയെ തീകൊളുത്തി കൊന്നു. ടയറിനുള്ളിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തി ആനയുടെ നേർക്ക് എറിയുകയായിരുന്നു. സംഭവത്തിൽ രണ്ട് പേരെ വനംവകുപ്പ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഗുരുതരമായി പരുക്കേറ്റ നിലയിൽ കഴിഞ്ഞയാഴ്ചയാണ് ആനയെ വനംവകുപ്പ് കണ്ടെത്തിയത്. മസിനഗുഡി സിങ്കാര റോഡിൽ അവശ നിലയിലയിൽ കഴിയുകയായിരുന്നു ആന. ചെവിക്കു ചുറ്റും ചീഞ്ഞളിഞ്ഞ നിലയിലായിരുന്നു. വന്യമൃഗങ്ങളുടെ ആക്രമത്തിൽ പരുക്കേറ്റതാണെന്നാണ് ആദ്യം കരുതിയിരുന്നത്.
ആനയെ തീകൊളുത്തുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഏതാനും മാസങ്ങളായി മസിനഗുഡിയിലെ ഗ്രാമങ്ങളിലൂടെ നടക്കുകയായിരുന്ന ആനയെയാണ് കൊലപ്പെടുത്തിയത്.