മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് ഹരിയാനയിൽ യുവാവിനെ സുഹൃത്തുക്കൾ ചേർന്ന് തല്ലിക്കൊന്നു. പൽവാൽ സ്വദേശിയായ രാഹുൽ ഖാൻ(22)ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രാഹുലിന്റെ സുഹൃത്തുക്കളായ ആകാശ്, വിശാൽ, കലുവ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
ഡിസംബർ 14നാണ് സംഭവം നടന്നത്. മൊബൈൽ മോഷണം ആരോപിച്ചാണ് മൂന്ന് പേരും ചേർന്ന് രാഹുലിനെ മർദിച്ചു കൊന്നത്. ആദ്യം അപകട മരണത്തിനാണ് പോലീസ് കേസെടുത്തിരുന്നത്. എന്നാൽ രാഹുലിനെ സുഹൃത്തുക്കൾ മർദിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവരികയായിരുന്നു.
പോസ്റ്റുമോർട്ടം റിപ്പോർട്ടിലും രാഹുലിന് മർദനമേറ്റതായി തെളിഞ്ഞിരുന്നു. തുടർന്നാണ് പോലീസ് അന്വേഷണം നടത്തി മൂന്ന് യുവാക്കളെയും പിടികൂടിയത്. മർദനത്തിന്റെ വീഡിയോ ചിത്രീകരിച്ച മൊബൈൽ ഫോണും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്
ഒരു വിവാഹത്തിൽ പങ്കെടുക്കുന്നതിനായാണ് രാഹുലും സുഹൃത്തുക്കളും കൂടി ഡിസംബർ 14ന് ഒത്തുകൂടിയത്. ആറ് മണിയോടെ കലുവ വിളിച്ച് രാഹുലിന് അപകടം സംഭവിച്ചതായി പറയുകയായിരുന്നുവെന്ന് രാഹുലിന്റെ ഭാര്യ സൈന മാധ്യമങ്ങളോട് പറഞ്ഞു. അജ്ഞാത വാഹനം രാഹുലിനെ ഇടിച്ചിട്ടെന്നാണ് കലുവ പറഞ്ഞത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും രാഹുൽ മരിച്ചിരുന്നു.