അപകടകാരിയായ ഡെങ്കി വൈറസ് ; കേരളം അടക്കം 11 സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ്

ഡെങ്കിപ്പനിക്കെതിരെ മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. കേരളം അടക്കമുള്ള 11 സംസ്ഥാനങ്ങള്‍ക്കാണ് അപകടകാരികളായ ഡെങ്കിപ്പനി പരത്തുന്ന വൈറസിനെ കുറിച്ചുള്ള മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

കേരളത്തിന് പുറമെ കര്‍ണാടക, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഒഡിഷ, മഹാരാഷ്ട്ര, രാജസ്ഥാന്‍, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് സെറോ ടൈപ്പ്-2 ഡെങ്കി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

വിവിധ സംസ്ഥാനങ്ങളുമായി കേന്ദ്രം നടത്തിയ കോവിഡ് അവലോകന യോഗത്തിലാണ് ഡെങ്കി വൈറസിനെതിരെ കേന്ദ്ര ആരോഗ്യ സെക്രട്ടറി മുന്നറിയിപ്പ് നല്‍കിയത്. സെറോ ടൈപ്പ്-2 ഡെങ്കി കേസുകള്‍ രാജ്യത്തു വര്‍ധിക്കുകയാണെന്നും മറ്റുള്ള രോഗത്തേക്കാള്‍ ഏറ്റവും അപകടകാരിയാണ് സെറോ ടൈപ്പ് -2 ഡെങ്കി കേസുകളെന്നും ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു.

പ്രതിസന്ധി മറികടക്കാന്‍ സംസ്ഥാനങ്ങള്‍ മുന്നൊരുക്കങ്ങള്‍ നടത്തണം. പനി സംബന്ധിച്ച ഹെല്‍പ് ഡെസ്‌കുകള്‍ ആരംഭിക്കണം, ടെസ്റ്റ് ചെയ്യാനുള്ള കിറ്റുകള്‍ സ്റ്റോക്ക് ചെയ്ത് വെക്കണമെന്നും കേന്ദ്രം അറിയിച്ചു. അതേസമയം, രാജ്യത്തെ 15 സംസ്ഥാനങ്ങളില്‍ ഇപ്പോഴും കോവിഡ് പോസിറ്റീവ് നിരക്ക് കൂടുതലാണ്. 70 ജില്ലകളില്‍ ഇപ്പോഴും അഞ്ച് ശതമാനത്തില്‍ കൂടുതലാണ് പോസിറ്റിവിറ്റി നിരക്ക്. 34 ജില്ലകളില്‍ പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനം കടന്നതായും ആരോഗ്യ സെക്രട്ടറി പറഞ്ഞു.