കേരളം ഉൾപ്പടെ 11 സംസ്ഥാനങ്ങളിൽ ഐ.എസ് ഭീകരസംഘടനകളുടെ സജീവമായ സാന്നിധ്യമുണ്ടെന്ന് കേന്ദ്രസർക്കാർ. എൻഐഎ അന്വേഷണത്തിൽ ഇക്കാര്യം വ്യക്തമാണെന്ന് ആഭ്യന്തരസഹമന്ത്രി രേഖാമൂലം രാജ്യസഭയിൽ അറിയിച്ചു.
കേരളത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് സജീവമെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. സൈബർ മേഖല സർക്കാർ സൂക്ഷ്‌മമായി നിരീക്ഷിച്ച് വരികയാണ്. ഭീകരർക്ക് വിദേശ സഹായം കിട്ടുന്നുണ്ടെന്നും കേന്ദ്രം വിശദീകരിക്കുന്നു.
കേരളത്തിൽ ഐഎസ് ഭീകരരുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന സംഘങ്ങളെ പ്രത്യേകം നിരീക്ഷിക്കാൻ സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡിന് (എടിഎസ്) ഡിജിപി ലോക്നാഥ് ബെഹ്റ നിർദേശം നൽകിയിരുന്നു.
കർണാടകയിലും ഐഎസ് ഭീകരരുടെ സാന്നിധ്യം കാര്യമായ രീതിയിൽ ഉണ്ടെന്നു യുഎൻ ഏജൻസി ജൂലൈയിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഐഎസ് പ്രവർത്തനത്തിൽ രാജ്യത്താകെ പതിനേഴ് കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.