24 മണിക്കൂറിനിടെ 38,902 പേർക്ക് കൊവിഡ്; രോഗികളുടെ എണ്ണം 11 ലക്ഷത്തിലേക്ക്

രാജ്യത്ത് കൊവിഡ് രോഗികളുടെ പ്രതിദിന വർധനവിൽ റെക്കോർഡ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 38,902 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെയുള്ളതിൽ ഏറ്റവുമുയർന്ന പ്രതിദിന കണക്കാണിത്.

രാജ്യത്ത് ഇതുവരെ 10,77,618 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേ രീതി തുടരുകയാണെങ്കിൽ ഇന്നത്തോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 11 ലക്ഷത്തിലേക്ക് എത്തും. കൊവിഡ് അതിവേഗം വ്യാപിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലും കൊവിഡ് ബാധിതരുടെ എണ്ണത്തിലും ഇന്ത്യ ഇപ്പോൾ മൂന്നാം സ്ഥാനത്താണ്.

543 പേരാണ് കഴിഞ്ഞ ഒരു ദിവസത്തിനിടെ മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 26,816 ആയി. 6,77,423 പേർ രോഗമുക്തി നേടിയിട്ടുണ്ട്. മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും ഡൽഹിയിലുമാണ് കൊവിഡ് വ്യാപനം അതിരൂക്ഷം. മഹാരാഷ്ട്രയിൽ മാത്രം മൂന്ന് ലക്ഷത്തിലധികം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.