അതിര്‍ത്തിയില്‍ വീണ്ടും കോവിഡ് പരിശോധന കര്‍ശനമാക്കി കര്‍ണാടക

കോവിഡ് വ്യാപനം കണക്കിലെടുത്ത് അതിര്‍ത്തിയില്‍ വീണ്ടും പരിശോധന കര്‍ശനമാക്കി കര്‍ണാടക. നാളെ മുതൽ നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവരെ മാത്രമേ സംസ്ഥാനത്തേക്ക് പ്രവേശിപ്പിക്കൂ എന്നാണ് അധികൃതരുടെ തീരുമാനം.

കേരളത്തില്‍ നിന്ന് ദക്ഷിണ കര്‍ണാടകയിലേക്ക് പ്രവേശിക്കുന്നവര്‍ക്ക് കോവിഡ് പരിശോധന റിപ്പോര്‍ട്ട് നിര്‍ബന്ധമാക്കിയിരുന്നു. ഇത് കര്‍ശനമായി നടപ്പാക്കാനാണ് ദക്ഷിണ ജില്ലാഭരണകൂടം തീരുമാനിച്ചിരിക്കുന്നത്.

കര്‍ണ്ണാടകയിലേക്ക് പ്രവേശിക്കുന്നതിനായി വിദ്യാര്‍ഥികളുള്‍പ്പെടെ നിരവധിയാളുകള്‍ ഇന്ന് തലപ്പാടി അതിര്‍ത്തിയിലെത്തിയിരുന്നു. എന്നാല്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനഫലം ഇല്ലാത്തവരെ പൊലീസ് കടത്തിവിട്ടിരുന്നില്ല. തുടര്‍ന്ന് വിദ്യാര്‍ഥികളും നാട്ടുകാരും നടത്തിയ ചര്‍ച്ചയുടെ ഫലമായി ഇന്ന് ഒരു ദിവസത്തേക്ക് ഇളവ് നല്‍കി.

നാളെ മുതല്‍ ദിവസേന അതിര്‍ത്തി കടന്നു പോകുന്നവര്‍ക്ക് പോലും പരിശോധന റിപ്പോര്‍ട്ട് നിര്‍ബന്ധമാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കേരളത്തില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് അതിര്‍ത്തിയില്‍ കര്‍ശന പരിശോധന നടത്തുന്നതെന്നാണ് വിശദീകരണം.

തലപ്പാടി ഉള്‍പ്പെടെയുള്ള അതിര്‍ത്തി പ്രദേശങ്ങളില്‍ നേരത്തെ കര്‍ശനമായ പരിശോധനകള്‍ നടത്തിയിരുന്നു. എന്നാല്‍, വ്യാപകമായ പ്രതിഷേധത്തെ തുടര്‍ന്നാണ് നടപടികള്‍ നിര്‍ത്തിവെച്ചത്. ജോലി, പഠനം, ചികിത്സ തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി നൂറുകണക്കിനാളുകള്‍ ദിവസേന കാസര്‍ഗോഡ് ജില്ലയില്‍ നിന്ന് കര്‍ണാടകയിലേക്ക് പോകുന്നുണ്ട്.