ഇന്ത്യയിലെ ട്വിറ്റർ മേധാവി ഏഴ് ദിവസത്തിനകം ഹാജരാകണം; നോട്ടീസ് അയച്ച് യുപി പോലീസ്

 

ഇന്ത്യയിലെ ട്വിറ്റർ മേധാവിയോട് ഹാജരാകാൻ ആവശ്യപ്പെട്ട് യുപി പോലീസിന്റെ നോട്ടീസ്. ഗാസിയാബാദ് പോലീസിന് മുന്നിൽ ഏഴ് ദിവസത്തിനുള്ളിൽ ഹാജരാകണമെന്നാണ് നിർദേശം. ഗാസിയാബാദിൽ വൃദ്ധൻ ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ പങ്കുവെച്ചതിനാണ് നടപടി

ഗാസിയാബാദിൽ വൃദ്ധനെ ആക്രമിച്ച സംഭവത്തിൽ തെറ്റായ വാർത്തകൾ പ്രചരിച്ചുവെന്നാണ് യോഗി ആദിത്യനാഥ് സർക്കാർ പറയുന്നത്. മതസ്പർധ വളർത്തുന്ന രീതിയിലാണ് വാർത്ത പ്രചരിപ്പിക്കപ്പെട്ടതെന്നും പോലീസ് പറഞ്ഞു. തുടർന്നാണ് പോലീസ് നോട്ടീസ് അയച്ചത്.

ടൂൾ കിറ്റ് കേസിൽ ബിജെപി നേതാക്കളുടെ ട്വീറ്റുകളിൽ മാനിപുലേറ്റഡ് ടാഗ് പതിച്ചത് വിശ്വാസ്യത ഇല്ലാത്ത നടപടിയാണെന്ന് കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടി. വിഷയം പരിശോധിക്കാൻ നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് ഇക്കാര്യം വ്യക്തമാക്കുന്നു. ഇന്ത്യയുടെ നിയമങ്ങളാകണം ട്വിറ്റർ പിന്തുടരേണ്ടതെന്നും കേന്ദ്രസർക്കാർ പറയുന്നു.