കുമ്പസാരം നിർത്തലാക്കണം; കേന്ദ്രത്തിന് നോട്ടീസ് അയച്ച് സുപ്രീംകോടതി

ഡൽഹി: ഓര്‍ത്തഡോക്‌സ് പള്ളികളിലെ നിര്‍ബന്ധിത കുമ്പസാരം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. നിർബന്ധിത കുമ്പസാരം ഭരണഘടനയിലെ മൗലിക അവകാശത്തിന്റെ ലംഘനമാണെന്നാണ് ഹർജി പറയുന്നത്.

രണ്ട് സഭാവിശ്വാസികളാണ് ഹർജി നൽകിയത്. കുമ്പസാര രഹസ്യങ്ങൾ പുരോഹിതർ ദുരുപയോഗിക്കുന്നുവെന്ന് ആരോപിച്ചാണ് ഹർജി. സ്ത്രീകളെ ലൈംഗിക ചൂഷണം ചെയ്യാനും പണം തട്ടിയെടുക്കാനും കുമ്പസാര രഹസ്യം മറയാക്കുന്നു. കുമ്പസാരം നടത്തുന്നവരുടെ പേരുവിവരങ്ങള്‍ രജിസ്റ്ററില്‍ സൂക്ഷിക്കുന്നതും പ്രസിദ്ധപ്പെടുത്തുന്നതും ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങള്‍ക്കും വ്യക്തി സ്വാതന്ത്ര്യത്തിനും എതിരാണെന്നും ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.

കുമ്പസാരം മൗലികാവകാശമായ സ്വകാര്യതയെ ഹനിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശികളായ രണ്ട് വിശ്വാസികളാണ് ഹർജി നൽകിയത്. ഓര്‍ത്തോഡോക്‌സ് സഭാ അംഗങ്ങളായ മാത്യു ടി. മാത്തച്ചന്‍, സിവി ജോസ് എന്നിവരാണ് റിട്ട് ഹര്‍ജി നല്‍കിയിരിക്കുന്നത്. സഭയിലുള്ളവരെല്ലാം സ്ഥിരമായി പാപം ചെയ്യുന്നവരാണെന്ന മുന്‍വിധിയോടെയാണ് കുമ്പസാരം നിര്‍ബന്ധമാക്കിയിരിക്കുന്നത്. വിശ്വാസികള്‍ക്ക് ആത്മീയ സേവനങ്ങള്‍ ലഭിക്കണമെങ്കില്‍ കുമ്പസരിച്ചിരിക്കണമെന്ന് വ്യവസ്ഥയില്ലെന്നും ഹർജിയിൽ പറയുന്നു.

വൈദികന് മുന്നില്‍ പാപങ്ങള്‍ ഏറ്റുപറയാന്‍ നിര്‍ബന്ധിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റം ആണെന്നും ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പുറമേ, ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ഉള്‍പ്പടെയുള്ളവരെയും ഹര്‍ജിയില്‍ എതിര്‍കക്ഷി ആക്കിയിട്ടുണ്ട്. സീനിയര്‍ അഭിഭാഷകന്‍ സഞ്ജയ് പരേഖ്, അഭിഭാഷകന്‍ സനന്ദ് രാമകൃഷ്ണന്‍ എന്നിവര്‍ ആണ് ഹര്‍ജിക്കാര്‍ക്ക് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത്. നിര്‍ബന്ധിത കുമ്പസാരം ഭരണഘടന വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി നേരത്തെ കേരള ഹൈക്കോടതി തള്ളിയിരുന്നു.