ധാക്ക: അഫ്ഗാൻ അഭയാര്‍ത്ഥികള്‍ക്ക് താത്കാലികമായി അഭയസ്ഥാനം നല്‍കാമോ എന്ന അമേരിക്കന്‍ ചോദ്യത്തിനോട് പറ്റില്ലെന്ന് തീർത്തു പറഞ്ഞ് ബംഗ്ലാദേശ്. രാജ്യത്ത് റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്ക് അഭയം നല്‍കിയതോടെ ഉണ്ടായ ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ് അമേരിക്കന്‍ ആവശ്യത്തിനോട് ബംഗ്ലാദേശ് മറുപടി പറഞ്ഞത്.
യു എസില്‍ നിന്ന് ഇത്തരമൊരു അഭ്യര്‍ത്ഥന ലഭിച്ചതായി ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി എ കെ അബ്ദുള്‍ മോമെന്‍ സ്ഥിരീകരിച്ചു. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ചിലര്‍ക്ക് അഭയം നല്‍കാൻ അമേരിക്ക ആവശ്യപ്പെട്ടിരുന്നു. വാഷിംഗ്ടണില്‍ നിന്ന് ധാക്കയിലേക്കുള്ള നയതന്ത്ര ചാനലുകളിലൂടെയാണ് അമേരിക്കയുടെ അഭ്യര്‍ത്ഥന വന്നത്.
മ്യാന്‍മറില്‍ നിന്നും ലക്ഷക്കണക്കിന് റോഹിങ്ക്യകളാണ് ബംഗ്ലാദേശില്‍ തമ്പടിച്ചിട്ടുള്ളത്. ഇവർക്ക് പോലും കോവിഡ് വാക്‌സിൻ നൽകുകയാണ് നിലവിൽ സർക്കാർ. ഇത് ചൂണ്ടിക്കാണിച്ചിട്ടാണ് ബംഗ്ലാദേശ് ഇത്തരത്തിൽ പ്രതികരിച്ചത്.