കോൺഗ്രസിന് കൂട്ടായ നേതൃത്വം വേണമെന്ന ആവശ്യത്തിലുറച്ച് ജി23 നേതാക്കൾ. ഇന്നലെ രാത്രി ഗുലാം നബി ആസാദിന്റെ വസതിയിൽ ജി 23 നേതാക്കൾ യോഗം ചേർന്നു. എല്ലാതലത്തിലും കൂട്ടായ നേതൃത്വം രൂപീകരിച്ചാൽ മാത്രമേ ഇനി പാർട്ടിക്കൊരു തിരിച്ചുവരവുള്ളുവെന്ന് ആസാദിന്റെ വീട്ടിൽ ചേർന്ന യോഗം വിലയിരുത്തി
ഇന്ന് ഗുലാം നബി ആസാദ് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. യോഗത്തിൽ നേതാക്കൾ ഉന്നയിച്ച കാര്യങ്ങൾ സോണിയ ഗാന്ധിയെ അറിയിക്കും. കേരളത്തിൽ നിന്ന് ശശി തരൂരും പി ജെ കുര്യനും യോഗത്തിൽ പങ്കെടുത്തിരുന്നു. പാർട്ടിയിൽ നിന്ന് നേതാക്കളടക്കം പലായനം ചെയ്യുന്ന സ്ഥിതിയാണെന്ന് ജി23 നേതാക്കൾ ചൂണ്ടിക്കാട്ടി
അഞ്ച് സംസ്ഥാനങ്ങളിൽ കൂട്ടത്തോൽവിയുണ്ടായി. മുന്നോട്ടുപോകാൻ കൂട്ടായ നേതൃത്വവും പൊതുവായ തീരുമാനങ്ങളും എല്ലാതലത്തിലും നടപ്പാക്കുക എന്ന ഒറ്റ വഴിയേ ഉള്ളൂ. ബിജെപിയെ നേരിടാൻ കോൺഗ്രസിനെ ശക്തിപ്പെടുത്തിയെ തീരു.
തുടർന്നുള്ള നടപടികൾ ഉടനടി അറിയിക്കുമെന്നും ജി 23 നേതാക്കൾ അറിയിച്ചു. ഗാന്ധി കുടുംബത്തിലെ വിശ്വസ്തനായ മണിശങ്കര അയ്യരും യോഗത്തിനെത്തിയത് ഗാന്ധി കുടുംബത്തെ ഞെട്ടിച്ചിട്ടുണ്ട്. കപിൽ സിബൽ, മനീഷ് തിവാരി, ആനന്ദ് ശർമ, ശങ്കർ സിംഗ് വഗേല തുടങ്ങിയവരും യോഗത്തിലുണ്ടായിരുന്നു.