2008 ഏപ്രിലിൽ രാജ്യത്തെ നടുക്കിയ അംറോഹ കൂട്ടക്കൊലപാതക കേസിലെ പ്രതി ഷബ്‌നത്തിന്റെ വധശിക്ഷ നടപ്പാക്കുന്നതിനുള്ള നടപടികൾ യുപി മഥുരയിലെ ജയിലിൽ ആരംഭിച്ചു. പ്രതിയെ തൂക്കിലേറ്റുന്ന തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെങ്കിലും മറ്റ് നടപടിക്രമങ്ങൾ പൂർത്തിയായി വരികയാണ്
സ്വതന്ത്രാനന്തര ഇന്ത്യയിൽ ആദ്യമായാണ് ഒരു വനിതയുടെ വധശിക്ഷ ഒരുങ്ങുന്നത്. 2008 ഏപ്രിലിൽ ഷബ്‌നയും കാമുകൻ സലീമും ചേർന്ന് ഷബ്‌നയുടെ കുടുംബത്തിലെ ഏഴ് പേരെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സലീമുമായുള്ള ബന്ധത്തിന് കുടുംബം തടസ്സം നിന്നതായിരുന്നു കാരണം
കേസിൽ പിടിയിലായ ഇരുവർക്കും 2010 ജൂലൈയിൽ ജില്ലാ കോടതി വധശിക്ഷക്ക് വിധിച്ചു. സുപ്രീം കോടതിയും ശിക്ഷ ശരിവെച്ചു. രാഷ്ട്രപതിക്ക് നൽകിയ ദയാഹർജിയും തള്ളിപ്പോയി. ഇതോടെയാണ് നടപടിക്രമങ്ങൾക്ക് തുടക്കമായത്.
നിർഭയ കേസിലെ പ്രതികളെ തൂക്കിലേറ്റിയ പവൻ ജല്ലാദ് തന്നെയാണ് ഇവരെയും തൂക്കിലേറ്റുക. പവൻ രണ്ട് തവണ ജയിലിലെത്തി പരിശോധന നടത്തി. കഴുമരത്തിന്റെ ചില ഭാഗങ്ങളിൽ അറ്റകുറ്റ പണിയും ചെയ്തിട്ടുണ്ട്. ബക്‌സറിൽ നിന്നുള്ള കയറും ജയിലിൽ എത്തിച്ചു.