ക്ഷേത്രങ്ങളിലെ ദൈനംദിന പൂജകളിലും ആചാരങ്ങളിലും ഭരണഘടനാ കോടതികൾ ഇടപെടില്ലെന്ന് സുപ്രീം കോടതി. തിരുപ്പതി ക്ഷേത്രത്തിലെ അനുഷ്ഠാനങ്ങളിൽ ക്രമക്കേട് ആരോപിച്ച ഹർജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ പരാമർശം. അതേസമയം ക്ഷേത്രങ്ങളിലെ ഭരണപരമായ കാര്യങ്ങളിൽ എന്തെങ്കിലും വീഴ്ചയുണ്ടായാൽ കോടതികൾക്ക് ഇടപെടാമെന്നും സുപ്രീം കോടതി വ്യക്തമാക്കി
തിരുപതി ക്ഷേത്രത്തിലെ അഭിഷേകം, പൂജകൾ എന്നിവ ആചാരപ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹർജിയാണ് ചീഫ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബഞ്ച് തീർപ്പാക്കിയത്. എങ്ങനെ പൂജ നടത്തണം, എങ്ങനെ തേങ്ങ ഉടയ്ക്കണമെന്നൊന്നും ഭരണഘടനാ കോടതികൾക്ക് നിർദേശം നൽകാൻ സാധിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. വ്യവസ്ഥാപിതമായ ആചാരങ്ങൾ പാലിക്കുന്നില്ല എന്ന പരാതിയുണ്ടെങ്കിൽ ഹർജിക്കാരന് കീഴ് കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.