ബംഗളൂരു: കര്‍ണാടക ആഭ്യന്തരമന്ത്രി ബസവരാജ് ബോമ്മൈക്ക് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. തനിക്ക് ലക്ഷണമില്ലെന്നും സ്വയം ക്വാറന്റൈനിലാണെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താനുമായി ബന്ധപ്പെട്ടിരുന്ന എല്ലാവരേയും ഉടന്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ഉചിതമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ബോമ്മൈ അഭ്യര്‍ത്ഥിച്ചു.
”ഞങ്ങളുടെ വീട്ടില്‍ ജോലിചെയ്യുന്ന ഒരു ആള്‍ക്ക് ഇന്നലെ കോവിഡ് -19 പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു. ഈ പശ്ചാത്തലത്തില്‍ ഞാനും പരിശോധനയ്ക്ക് വിധേയനായി, എനിക്ക് രോഗം ബാധിച്ചു, ലക്ഷണങ്ങളൊന്നുമില്ല, ആരോഗ്യവാനാണ്. വീട്ടില്‍ ക്വാറന്റൈനിലാണ്. അടുത്തിടെ എന്നോട് നേരിട്ട് ബന്ധപ്പെട്ടിട്ടുള്ളവര്‍ ഉടന്‍ തന്നെ പരിശോധന നടത്തി ഉചിതമായ മുന്‍കരുതലുകള്‍ എടുക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു, ”മന്ത്രി ട്വീറ്റ് ചെയ്തു.
അതേസമയം, രാജ്യത്ത് കോവിഡ് കേസുകള്‍ 50 ലക്ഷം കടന്നു. രോഗമുക്തരായവരുടെ എണ്ണം 39,42,360 ആണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. മൊത്തം കോവിഡ് കേസുകള്‍ 50,20,359 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ രാവിലത്തെ 8 മണിക്കുള്ള ഡാറ്റ കാണിക്കുന്നു. മരണസംഖ്യ 82,066 ആയി ഉയര്‍ന്നു.