വാക്‌സിൻ ഡോസുകളുടെ ഇടവേള വർധിപ്പിച്ചത് ശാസ്ത്രീയ വിവരങ്ങളുടെ അടിസ്ഥാനത്തിലെന്ന് കേന്ദ്രം

ശാസ്ത്രീയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കൊവിഷീൽഡ് വാക്‌സിന്റെ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള വർധിപ്പിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ. ഡോസുകളുടെ ഇടവേള കുറഞ്ഞത് എട്ട് ആഴ്ചയിൽ നിന്ന് 12 ആഴ്ചയായി വർധിപ്പിച്ച തീരുമാനം വിവാദമായ സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം

സുതാര്യമായാണ് കൊവിഷീൽഡ് വാക്‌സിൻ ഡോസുകളുടെ ഇടവേള വർധിപ്പിക്കാനുള്ള തീരുമാനമെടുത്തത്. ശാസ്ത്രീയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. വിവരങ്ങളെ അപഗ്രഥിക്കാൻ ഇന്ത്യക്ക് ശക്തമായ സംവിധാനമുണ്ട്. എന്നാൽ രാഷ്ട്രീയവത്കരിക്കപ്പെടുന്നത് നിർഭാഗ്യകരമാണെന്നും ഹർഷവർധൻ പറഞ്ഞു

ഡോസുകൾ തമ്മിലുള്ള ഇടവേള എട്ട് ആഴ്ചയായിരിക്കുമ്പോൾ ഫലപ്രാപ്തി 65 ശതമാനം ആണെങ്കിൽ ഇടവേള 12 ആഴ്ചയായി വർധിപ്പിക്കുമ്പോൾ ഫലപ്രാപ്തി 88 ശഥമാനമാണെന്ന് യുകെ ഹെൽത്ത് റഗുലേറ്ററി റിപ്പോർട്ട് നാഷണൽ ടെക്‌നിക്കൽ അഡൈ്വസറി ഗ്രൂപ്പ് ഓൺ ഇമ്മ്യൂണൈസേഷൻ മേധാവി ഡോ. എൻ കെ അറോറ സർക്കാരിന് നൽകിയിരുന്നു. ഇതിന്റെ പകർപ്പിനൊപ്പമാണ് കേന്ദ്ര ആരോഗ്യമന്ത്രിയുടെ ട്വീറ്റ്.

വാക്‌സിൻ ഡോസിന്റെ ഇടവേള വർധിപ്പിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തെ വാക്‌സിൻ വിദഗ്ധ സമിതി അനുകൂലിച്ചില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ യാതൊരു വിധ എതിരഭിപ്രായങ്ങളുമില്ലെന്നാണ് കേന്ദ്രത്തിന്റെ ഭാഷ്യം.